കുന്നത്തുകാലിൽ അയൽവാസിയുടെ പെട്രോൾ ബോംബാക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഭിന്നശേഷിക്കാരൻ മരിച്ചു

തിരുവനന്തപുരം: കുന്നത്തുകാലിൽ അയൽവാസിയുടെ പെട്രോൾ ബോംബാക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഭിന്നശേഷിക്കാരൻ മരിച്ചു. നെയ്യാറ്റിൻകര കുന്നത്തുകാൽ സ്വദേശി വർഗീസാണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്. വർഗീസ് ശവപ്പെട്ടിക്കട നടത്തുന്നതിൽ പ്രകോപിതനായ അയൽവാസി സെബാസ്റ്റ്യനാണ് വർഗീസിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞത്.

പരിക്ക് ഗുരുതരമായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരുന്നു. മെയ് 12 ബുധനാഴ്ച രാവിലെയാണ് വർഗീസിന് നേരെ അയൽവാസിയുടെ ക്രൂരത അരങ്ങേറിയത്. സെബാസ്റ്റ്യന്റെ വീടിനോട് ചേർന്നാണ് വർഗീസ് ശവപ്പെട്ടിക്കട നടത്തുന്നത്. ഇതിനെതിരെ സെബാസ്റ്റ്യൻ പഞ്ചായത്തിലടക്കം നിരവധി തവണ പരാതി നൽകിയിരുന്നു. എന്നാൽ ഈ പരാതിയിലൊന്നും കഴമ്പില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് പഞ്ചായത്ത് നടപടിയെടുത്തില്ല.

സംഭവദിവസം രാവിലെ വീടിന്റെ ടെറസിൽ കയറിയ ബാസ്റ്റ്യൻ പെട്രോൾ ബോംബ് വർഗീസിന് നേരെ എറിയുകയായിരുന്നു. ഇരു കാലുകൾക്കും ചലനശേഷിയില്ലാത്തതിനാൽ വർഗീസിന് ഒഴിഞ്ഞുമാറാൻ കഴിഞ്ഞില്ല. സെബാസ്റ്റ്യനെ തടഞ്ഞുവെച്ചനാട്ടുകാർ പോലീസിന് കൈമാറിയിരുന്നു.