തിരുവനന്തപുരം: മന്ത്രിമാരുടെ കാര്യത്തിൽ പാർട്ടിയുടെ കർശന നിയന്ത്രണം ഉണ്ടായിരിക്കുമെന്നും പേഴ്സണൽ സ്റ്റാഫ് പാർട്ടിക്കാർ മതിയെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിൽ തീരുമാനം. സ്റ്റാഫ് അംഗങ്ങളായി പരമാവധി 25 പേർ മതി. സ്റ്റാഫാകുന്ന സർക്കാർ ജീവനക്കാർക്ക് 51 വയസിൽ കൂടുതൽ പ്രായം പാടില്ലെന്നും സെക്രട്ടറിയേറ്റ് തീരുമാനിച്ചു.
ഇതിൻ്റെ അടിസ്ഥാനത്തിലാകും പ്രൈവറ്റ് സെക്രട്ടറിമാരുടേയും മറ്റ് പേഴ്സണൽ സ്റ്റാഫുകളുടേയും കാര്യത്തിൽ നിലപാട് സ്വീകരിക്കുന്നത്. പാർട്ടി അംഗങ്ങളായ, പാർട്ടിയോട് അടുത്ത ബന്ധമുള്ളവരെ പ്രൈവറ്റ് സെക്രട്ടറിമാരാക്കണമെന്നാണ് തീരുമാനം. ഇത്തരം നിയമനങ്ങൾ പാർട്ടിയുടെ അനുമതിയോടെ നടത്താൻ പാടുള്ളു എന്ന കർശന നിർദേശവും ഉണ്ട്.
പേഴ്സണൽ സ്റ്റാഫുകളായി എടുക്കുന്നവരെ സംബന്ധിച്ച് കൃത്യമായ ധാരണയുണ്ടാകണമെന്നും നിർദേശമുണ്ട്. പശ്ചാത്തലം പരിശോധിച്ചതിന് ശേഷം മാത്രമെ പേഴ്സണൽ സ്റ്റാഫായി നിയമനം നൽകാവു. സർക്കാർ ഉദ്യോഗസ്ഥർ ഡെപ്യൂട്ടേഷനിൽ സ്റ്റാഫിലേക്ക് വരുമ്പോൾ പ്രായപരിധി 51 വയസായിരിക്കണം എന്നും നിർദ്ദേശമുണ്ട്.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി സംസ്ഥാന സമിതി അംഗവും മുൻ രാജ്യഭാ എംപിയുമായ കെ.കെ. രാഗേഷിനെ തീരുമാനിച്ചിരുന്നു. എം.വി ജയരാജൻ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിയതിന് ശേഷം മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ച് പല വിവാദങ്ങളുമുണ്ടായിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് ഇന്ന് ചേർന്ന സിപിഎം സെക്രട്ടറിയേറ്റിൽ ഇതു സംബന്ധിച്ച് കർശന നിലപാട് സ്വീകരിച്ചത്. പൊളിറ്റിക്കൽ സെക്രട്ടറിയായി പുത്തലത്ത് ദിനേശൻ തന്നെ തുടരും.