തിരുവനന്തപുരം : പരിചയ സമ്പന്നരായ മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരെ സിപിഐ മന്ത്രിമാർക്ക് പ്രൈവറ്റ് സെക്രട്ടറിമാരായി നിയമിച്ചു. നേരത്തെ മന്ത്രിമാരുടെ പഴ്സനൽ സ്റ്റാഫ് അംഗങ്ങളായി പ്രവർത്തിച്ച് പരിചയ സമ്പത്തുള്ളവരാണ് സെക്രട്ടറിമാരായി എത്തിയത്.
റവന്യുമന്ത്രി കെ രാജന്റെ പ്രൈവറ്റ് സെക്രട്ടറിയായി സെക്രട്ടേറിയറ്റ് പൊതുഭരണ വിഭാഗത്തിലെ സ്പെഷൽ സെക്രട്ടറി പദവിയിലുള്ള പിവി മനോജിനെ നിയമിച്ചു. മുൻ കൃഷി മന്ത്രി വിഎസ് സുനിൽകുമാറിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു മനോജ്. സി ദിവാകരൻ ഭക്ഷ്യ മന്ത്രി ആയിരിക്കെ അദ്ദേഹം അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു.
റവന്യൂ മന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിമാരായും സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥരെയാണു നിയമിച്ചിരിക്കുന്നത്. കൃഷിമന്ത്രി പി പ്രസാദിന്റെ പ്രൈവറ്റ് സെക്രട്ടറിയായി കേരള ഗസറ്റഡ് ഓഫിസേഴ്സ് ഫെഡറേഷൻ സംസ്ഥാന ഭാരവാഹിയും ജലവിഭവ വകുപ്പിലെ എക്സിക്യൂട്ടിവ് എൻജിനീയറുമായ വിനോദ് മോഹനെ നിയമിച്ചു.
മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണിയുടെ പ്രൈവറ്റ് സെക്രട്ടറിയായി അനിൽ ഗോപിനാഥിനെയാണു നിയമിച്ചത്. ഇദ്ദേഹം മുൻ മന്ത്രി പി തിലോത്തമന്റെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. ഭക്ഷ്യ മന്ത്രി ജിആർ അനിലിന്റെ പ്രൈവറ്റ് സെക്രട്ടറിയായി നിയമ വകുപ്പിലെ ഡപ്യൂട്ടി സെക്രട്ടറി പി.പ്രദീപ്കുമാറിനെ നിയമിച്ചു.