കേരള നിയമസഭയുടെ പ്രോടെം സ്പീക്കറായി പിടിഎ റഹീം സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പ്രോടെം സ്പീക്കറായി പി.ടി.എ. റഹീം രാജ്‌ഭവനിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുൻപാകെ സത്യപ്രതിജ്ഞ ചെയ്തു. നിയമസഭയുടെ ആദ്യ സമ്മേളനം 24, 25 തീയതികളിൽ വിളിച്ചു ചേർക്കുന്നതിന് ഗവർണറോടു ശുപാർശ ചെയ്യാൻ മന്ത്രിസഭ തീരുമാനിച്ചിരുന്നു. 24 നാണ് അംഗങ്ങളുടെ സത്യപ്രതിജ്ഞ. 25 ന് സ്പീക്കർ തെരഞ്ഞെടുപ്പും.

കുന്നമംഗലത്തുനിന്നുള്ള ഇടത് സ്വതന്ത്ര എംഎൽഎയാണു റഹീം. ഡിസിസി ജനറൽ സെക്രട്ടറി ജിനേശ് പെരുമണ്ണയെ 10,276 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് റഹീമിന്റെ വിജയം. രണ്ടാം തവണയാണ് റഹീം എം എൽ എയാകുന്നത്.