പത്തനംതിട്ട: പത്തനംതിട്ട കാനറാ ബാങ്ക് തട്ടിപ്പ് കേസ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. അന്വേഷണ സംഘം കോടതിയില്‍ എഫ് ഐ ആര് സമര്‍പ്പിച്ചു. ബാങ്കില്‍ നിന്ന് കോടികള്‍ തട്ടിയ കൊല്ലം സ്വദേശി വിജീഷ് വര്‍ഗീസ് ഞായറാഴ്ചയാണ് അറസ്റ്റിലായത്. ബാങ്കിലെ കൂടുതല്‍ ജീവനക്കാരെ അന്വേഷണ സംഘം ചോദ്യം ചെയ്തേക്കും.
കാനറാ ബാങ്കിന്റെ പത്തനംതിട്ട രണ്ടാം ശാഖയിലെ ജീവനക്കാരനായിരുന്നു വിജീഷ് വര്‍ഗീസ്. ബാങ്കിലെ വ്യക്തിഗത അക്കൗണ്ടുകളില്‍ നിന്നുള്ളതിന് പുറമേ ഇന്‍ഷുറന്‍സ് കമ്പനികളുടെ പണവും ഇയാള്‍ തട്ടിയെടുത്തതായി ഓഡിറ്റിംഗില്‍ കണ്ടെത്തി. ഞായറാഴ്ച വൈകുന്നേരം ബംഗളൂരുവില്വച്ചാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
പണത്തിന്റെ ഭൂരിഭാഗവും ഉപയോഗിച്ചത് ഓണ്‍ലൈന്‍ റമ്മി കളിക്കും, ഓഹരി വിപണിയിലെ നിക്ഷേപത്തിനുമാണെന്ന് പൊലീസിന്റെ നിഗമനം. 2019 ഡിസംബര്‍ മുതല്‍ 2021 ഫെബ്രുവരിവരെയാണ് തട്ടിപ്പ് നടത്തിയത്. പണം സ്വന്തം അക്കൗണ്ടിലേക്കും ഭാര്യയുടെയും, ഭാര്യാപിതാവിന്റെയും പേരില്‍ അവരറിയാതെ തുടങ്ങിയ അക്കൗണ്ടുകളിലേക്കും മാറ്റി. ഭാര്യയ്ക്കും ഭാര്യാപിതാവിനും തട്ടിപ്പില്‍ പങ്കില്ലെന്ന പ്രാഥമിക വിലിരുത്തലില്‍ തല്ക്കാലം അവരെ കേസില്‍ പ്രതിയാക്കിയിട്ടില്ല.