വിമർശനങ്ങൾ ശക്തമായപ്പോൾ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കിയത് 240 കസേരകൾ മാത്രം

തിരുവനന്തപുരം: കൊറോണ വ്യാപന പശ്ചാതലത്തിൽ ഹൈക്കോടതിയുടെ നിർദ്ദേശം കൂടി കണക്കിലെടുത്ത് രണ്ടാം പിണറായി വിജയൻ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നടന്ന സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കിയത് 240 കസേരകൾ മാത്രം. വിവിധ കോണുകളിൽ നിന്നുള്ള എതിർപ്പുകളെ തുടർന്നാണ് 500 കസേരകൾ എന്നത് ചുരുക്കി പകുതിയാക്കിയത്. ഹൈക്കോടതിയും കസേരകൾ കുറയ്ക്കുന്നത് പരിഗണിയ്ക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

സ്റ്റേഡിയത്തിലേക്ക് പ്രവേശന അനുമതി ഒമ്പത് ഉന്നത ഉദ്യോഗസ്ഥർക്ക് മാത്രമാണ് നൽകിയത്. ചീഫ് സെക്രട്ടറിയെ കൂടാതെ അഡീഷണൽ ചീഫ് സെക്രട്ടറിമാരായ ടി കെ ജോസ്, ആശ തോമസ്, വി വേണു, ജയതിലക്, പ്രിൻസിപ്പൽ സെക്രട്ടറി കെ ആർ ജ്യോതി ലാൽ, പി ആർഡി ഡയറക്ടർ ഹരികിഷോർ, ഡിജിപിമാരായ ലോക് നാഥ് ബെഹ്റ, ഋഷിരാജ് സിംഗ്, എ ഡിജിപി വിജയ സാക്കറെ എന്നിവർക്കാണ് പ്രവേശന അനുമതി നൽകിയത്.

കൊറോണ വ്യാപനം ഒഴിവാക്കുന്നതിന് സത്യപ്രതിജ്ഞാ ചടങ്ങിൽ എത്തുന്നവരുടെ എണ്ണം പരമാവധി കുറയ്ക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ നിർദ്ദേശം. സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നവരുടെ എണ്ണം പരമാവധി കുറയ്ക്കുന്നത് പരിഗണിക്കണമെന്നായിരുന്നു കോടതിയുടെ നിർദ്ദേശം.

13 മുഖ്യമന്ത്രിമാരെയാണ് സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചത്. എന്നാൽ കൊറോണ സാഹചര്യത്തിൽ പങ്കെടുക്കാനില്ലെന്ന് മുഖ്യമന്ത്രിമാർ അറിയിച്ചു. ബം​ഗാൾ സർക്കാരിന്റെ പ്രതിനിധിയായി എംപി കാകോലി ഘോഷ് ദസ്തിദർ പങ്കെടുത്തു. തമിഴ്നാടിനെ പ്രതിനിധീകരിച്ച് സ്റ്റാലിന് പകരം വ്യവസായ മന്ത്രി തങ്കം തേനരശ് എത്തി.