ദളിത് വിഭാഗത്തിൽ നിന്നുള്ള ആദ്യ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനെന്ന് പ്രചാരണം; മുമ്പും ദളിത് നേതാക്കൾ മന്ത്രിമാരായി

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ രൂപീകരണത്തിൽ ശൈലജയെ ഒഴിവാക്കിയതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചയായത് നിയുക്ത വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയെയും ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനെയും വകുപ്പുകളെയും ചുറ്റിപറ്റിയാണ്. ദേവസ്വം വകുപ്പിൽ ദളിത് വിഭാഗത്തിൽ നിന്നുള്ള ആദ്യ മന്ത്രി കെ രാധാകൃഷ്ണനാണെന്ന തരത്തിലാണ് പ്രചാരണം.

എന്നാൽ കേരളത്തിൽ ആദ്യമായി ദളിത് വിഭാഗത്തിൽ നിന്ന് ദേവസ്വം മന്ത്രിയായത് കോണ്‍ഗ്രസ് നേതാവും മുൻ തൃത്താല എംഎൽഎ ആയിരുന്ന വെള്ള ഈച്ചരനാണ്. 1970 -77 കാലഘട്ടത്തിൽ അച്യുതമേനോൻ മന്ത്രിസഭയിലായിരുന്നു ഇത്.

രണ്ടാമത് കെകെ ബാലകൃഷ്ണനാണ്. 1977 മാർച്ച് 25 മുതൽ 1977 ഏപ്രിൽ 25 വരെയുള്ള കെ കരുണാകരൻ മന്ത്രിസഭയിലും, 1977 മുതൽ 1978 ഒക്ടോബർ 27 വരെയുള്ള എകെ ആന്‍റണി മന്ത്രിസഭയിലുമായിരുന്നു കെകെ ബാലകൃഷ്ണൻ മന്ത്രിയായത്. ശേഷം കോൺഗ്രസ് നേതാവ് ദാമോദരൻ കളാശ്ശേരിയും 1978-ൽ മന്ത്രിയായി.

പുതിയ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ മണ്ഡലമായ ചേലക്കരയിലെ എംഎൽഎ ആയിരുന്നു ദാമോദരൻ കാളാശ്ശേരിയും. 1978ൽ പികെ വാസുദേവൻ മന്ത്രിസഭയിലായിരുന്നു ഇത്. എന്നാൽ ഇക്കാലയളവിലെല്ലാം ദേവസ്വം ഉപ വകുപ്പ് മാത്രമായിരുന്നു. 96-2001 കാലഘട്ടത്തിലാണ് സ്വതന്ത്ര ചുമതലയുള്ള വകുപ്പായി മാറ്റിയത്.