തിരുവനന്തപുരം: അഡ്വക്കേറ്റ് ജനറൽ സിപി സുധാകർ പ്രസാദ് രാജിവച്ചു. രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. കേരളത്തിൽ ഏറ്റവും കൂടുതൽ കാലം അഡ്വക്കേറ്റ് ജനറൽ പദവി വഹിച്ച സീനിയർ അഭിഭാഷകനാണ് സിപി സുധാകർ പ്രസാദ്. 2006-ൽ വിഎസ് അച്യുതാനാന്ദൻ മന്ത്രിസഭയുടെ കാലത്തും സുധാകർ പ്രസാദ് ആയിരുന്നു സംസ്ഥാനത്തെ അഡ്വക്കേറ്റ് ജനറൽ.
പുതിയ സർക്കാരിന്റെ അഡ്വക്കേറ്റ് ജനറൽ ആരായിരിക്കും എന്നതിനെ സംബന്ധിച്ച ചർച്ചകൾ സിപിഎം നേതൃത്വത്തിൽ ആരംഭിച്ചതായാണ് സൂചന. 2016-ൽ അഡ്വക്കേറ്റ് ജനറൽ ആയി പരിഗണിച്ച സീനിയർ അഭിഭാഷകൻ കെ. ഗോപാലകൃഷ്ണ കുറിപ്പിനെ ഇത്തവണ പരിഗണിക്കണമെന്ന അഭിപ്രായം ചില സിപിഎം നേതാക്കൾക്ക് ഉണ്ട്. മുൻ എംഎൽഎ സുരേഷ് കുറിപ്പിന്റെ സഹോദരനാണ് കെ. ഗോപാലകൃഷ്ണ കുറുപ്പ്.
സ്റ്റേറ്റ് അറ്റോർണി കെ.വി. സോഹന്റെ പേരും അഡ്വക്കേറ്റ് ജനറൽ സ്ഥാനത്തേക്ക് സജീവമായി പരിഗണിക്കുന്നു എന്നാണ് സി.പി.എം. വൃത്തങ്ങളിൽനിന്ന് ലഭിക്കുന്ന സൂചന. കെ.വി. സോഹൻ നിലവിൽ സീനിയർ ഡെസിഗ്നേഷനുള്ള അഭിഭാഷകൻ അല്ല. എന്നാൽ അത് അഡ്വക്കേറ്റ് ജനറൽ ആയി നിയമിക്കുന്നതിന് തടസ്സമല്ലെന്നും പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി.