സംസ്ഥാന മന്ത്രിമാരെ സംസ്ഥാന കമ്മിറ്റി ഏകകണ്ഠമായി തീരുമാനിച്ചുവെന്നാണ് വിവരം; കൂടുതൽ പ്രതികരിക്കാനില്ലെന്ന് സീതാറാം യെച്ചൂരി ; എതിർപ്പും മുറുമുറുപ്പും ശക്തം

തിരുവനന്തപുരം: കേരളത്തിൽ സംസ്ഥാന മന്ത്രിമാരെ സംസ്ഥാന കമ്മിറ്റി ഏകകണ്ഠമായി തീരുമാനിച്ചുവെന്നാണ് വിവരമെന്ന് സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കൂടുതൽ പ്രതികരിക്കാനില്ലെന്ന് യെച്ചൂരി ഒരു ചാനലിനോട് വ്യക്തമാക്കി. ഇതോടെ മന്ത്രിമാരെ തീരുമാനിക്കുന്നതിൽ സംസ്ഥാന നേതൃത്വം എടുത്ത തീരുമാനത്തിൽ തനിക്ക് പങ്കില്ലെന്ന വ്യക്തമായ സൂചനയാണ് യെച്ചൂരി നൽകിയതെന്നാണ് വിലയിരുത്തൽ.

കെകെ ശൈലജയെ മാറ്റി നിർത്താൻ ചിലർ ശ്രമിച്ചെന്നതിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.എന്നാൽ കേരളത്തിലെ പിബിയിലെ ചിലർ മുൻകൈയെടുത്ത് സംസ്ഥാന കമ്മിറ്റിയിൽ നേരത്തേ രഹസ്യധാരണയുണ്ടാക്കിയെന്നാണ് വിവരം.

പിണറായി വിജയൻ ഒഴികെ ബാക്കിയെല്ലാം പുതുമുഖങ്ങൾ എന്ന തീരുമാനത്തോട് കേരളത്തിൽ നിന്നുള്ള പിബി അംഗങ്ങളെല്ലാം അനുകൂല നിലപാട് എടുത്തപ്പോൾ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉൾപ്പടെയുള്ളവർ തീരുമാനത്തോട് വിയോജിപ്പ് രേഖപ്പെടുത്തിയെന്നാണ് സൂചന. വൃന്ദാകാരാട്ടും ഇതേ അഭിപ്രായം തന്നെ രേഖപ്പെടുത്തിയെന്നാണ് വിവരം. മുഖ്യമന്ത്രി ഒഴികെ പുതിയ ടീം വരണം എന്ന് തീരുമാനിച്ചു. ആരെയും ഒഴിവാക്കിയതല്ലെന്ന് എസ് രാമചന്ദ്രൻ പിള്ളയും പറഞ്ഞു.തീരുമാനത്തെ കേരളത്തിൽ നിന്നുള്ള മറ്റൊരു പിബി അംഗമായ എംഎ ബേബിയും ന്യായീകരിച്ചു.

കെകെ ശൈലജയെ മാറ്റി നിര്‍ത്തുന്നത് ദേശീയ തലത്തിൽ തന്നെ വലിയ ചര്‍ച്ചയായിരിക്കെയാണ് സിപിഎം നേതൃത്വത്തിനിടക്കുള്ള അതൃപ്തി മറനീങ്ങുന്നത്.

പുതിയ നേതാക്കളെ കൊണ്ടുവരാൻ എന്ന വിശദീകരണം നൽകുമ്പോഴും കേന്ദ്ര കമ്മിറ്റി അംഗം എന്ന നിലയ്ക്ക് കെകെ ശൈലജയ്ക്കു മാത്രം ഇളവു നല്കാൻ തടസ്സമുണ്ടായിരുന്നില്ല എന്ന് കേന്ദ്ര നേതാക്കൾ സൂചിപ്പിക്കുന്നു.

കെകെ ശൈലജയ്ക്ക് കിട്ടിയ ജനസ്വീകാര്യതയിൽ പാർട്ടിക്കുള്ളിലെ ചിലർക്കുള്ള അസ്വസ്ഥതയാണ് പുറത്തു വന്നതെന്നും ഈ നേതാക്കൾ കരുതുന്നു. മുമ്പ് സംസ്ഥാന ഘടകത്തിൽ വൻ ഭിന്നത ഉണ്ടായതു കൊണ്ടാണ് വിഎസിനു സീറ്റു നിഷേധിച്ചതിൽ പിബി ഇടപെട്ടത്. അത്തരമൊരു സാഹചര്യം ഈ തീരുമാനത്തിൽ ഇല്ലെന്ന് പറയുമ്പോഴും കേന്ദ്രതലത്തിലും ഇക്കാര്യം തുടർചർച്ചകൾക്ക് ഇടയാക്കും.

സംസ്ഥാന കമ്മിറ്റി ഏകകണ്ഠമായി തീരുമാനമെടുത്ത പശ്ചാത്തലത്തിൽ തല്ക്കാലം ഇടപെടൽ സാധ്യമല്ല. പിന്നീട് പിബിയും സിസിയും ചേരുമ്പോൾ എതിർപ്പുള്ളവർക്ക് അത് പറയാം എന്നാണ് പാർട്ടി വ്യത്തങ്ങൾ വ്യക്തമാക്കുന്നത്.