ഇടതുമുന്നണി മന്ത്രിമാരെ പ്രഖ്യാപിച്ചിട്ടും കോൺഗ്രസ് പാളയത്തിൽ പട; രമേശ് ചെന്നിത്തല വീണ്ടും പ്രതിപക്ഷ നേതാവായേക്കും

തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ മൃഗീയ ഭൂരിപക്ഷം നേടിയ ഇടതുമുന്നണി മന്ത്രിമാരെ പ്രഖ്യാപിച്ചിട്ടും പ്രതിപക്ഷ നേതാവിൻ്റെ കാര്യത്തിൽ തീരുമാനമാകാതെ കോൺഗ്രസ്. പാളയത്തിൽ പട മൂത്തതോടെ തീരുമാനം ഉടൻ പ്രഖ്യാപിക്കുമെന്ന് അറിയിച്ച് ഹൈക്കമാൻഡ് സംഘം മടങ്ങി. എന്നാൽ പ്രതിപക്ഷ നേതൃ സ്ഥാനത്തേക്ക് രമേശ്‌ ചെന്നിത്തല തുടരണമെന്നാണ് ആകെയുള്ള 21 എംഎൽഎ മാരിൽ ഭൂരിപക്ഷം പേരും ഹൈക്കമാൻഡ് സംഘത്തെ അറിയിച്ചത്.

ഇതോടെ പ്രതിപക്ഷ നേതാവായി രമേശ്‌ ചെന്നിത്തലയെ ഔദ്യോഗികമായി ഹൈക്കമാൻഡ് പ്രഖ്യാപിക്കാൻ വഴിതെളിഞ്ഞു. ഇക്കാര്യത്തിൽ അടുത്തദിവസം പ്രഖ്യാപനം ഉണ്ടാകും.

രമേശിനെ പ്രതിപക്ഷ നേതാവക്കണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും ഹൈക്കാമാൻഡ് പ്രതിനിധികളോട് ആവശ്യപ്പെട്ടു. നേതൃസ്ഥാനത്തേക്ക് ഉയർന്നു കേട്ട വിഡി സതീശന് കാരുമായ പിന്തുണ ലഭിച്ചില്ല.

കഴിഞ്ഞ അഞ്ചു വർഷവും പ്രതിപക്ഷ നേതാവ് എന്ന നിലയിൽ രമേശ്‌ ചെന്നിത്തല നടത്തിയ പോരാട്ടത്തിൽ എംഎൽഎമാർ അദ്ദേഹത്തിന് പിന്തുണ നൽകിയതോടെ നേതൃ മാറ്റത്തിന് മുറവിളി കൂട്ടിയവരും വെട്ടിലായി.

സർക്കാരിന്റെ അഴിമതികൾ എണ്ണിയെണ്ണി പുറത്ത് കൊണ്ടുവന്ന രമേശ്‌ ചെന്നിത്തലയെ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരിൽ ഒറ്റപ്പെടുത്തരുതെന്ന ഉപദേശമാണ് ഹൈക്കാമാൻഡ് പ്രതിനിധികളായ മല്ലികാർജ്ജുന ഘാർഗേ,വി.വൈദ്യലിംഗം എന്നിവർ കോൺഗ്രസ് എം.എൽ.എ മാർക്ക് നൽകിയത്. എന്തായാലും ഹൈക്കാൻഡ് തീരുമാനം വൈകാതെ ഉണ്ടാകുമെന്നാണ് സൂചന.