കൊറോണ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയുള്ള സർക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങ് തടയണമെന്ന് സുപ്രീം കോടതിയിൽ ഹർജ്ജി

ന്യൂഡെൽഹി: കൊറോണ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി നടക്കാനിരിക്കുന്ന മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് തടയണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ മുൻ പ്രൈവറ്റ് സെക്രട്ടറി കെഎം ഷാജഹാനാണ് സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്തത്. കേസ് നാളെ തന്നെ അടിയന്തരമായി വാദം കേൾക്കണമെന്ന പ്രത്യേക അപേക്ഷയും ഹർജ്ജിയോടൊപ്പം ഫയൽ ചെയ്തിട്ടുണ്ട്.

ഭാരത സർക്കാർ,കേരള സർക്കാർ, കേരള ചീഫ് സെക്രട്ടറി എന്നിവരെ എതിർ കക്ഷികളാക്കിയാണ് ഹർജ്ജി ഫയൽ ചെയ്തിട്ടുള്ളത്. ഇന്ത്യൻ ഭരണഘടന ആർട്ടിക്കിൾ 21 അനുസരിച്ച് ജനങ്ങളുടെ ജീവൻ സംരക്ഷിക്കാൻ സർക്കാർ ബാധ്യതപ്പെട്ടതാണ്. ഭരണത്തിലിരിക്കുന്ന രാഷ്ട്രീയക്കാർ തന്നെ കൊറോണ ലോക്ക്ഡൌൺ നിയമങ്ങൾ ലംഘിക്കുകയാണെന്നും ഹർജിയിൽ പറയുന്നു.

കൊറോണ ചട്ടമനുസരിച്ച് ജനങ്ങളോട് സാമൂഹ്യ അകലം പാലിക്കുവാൻ നിർദ്ദേശിക്കുകയും മതപരമായ ചടങ്ങുകളും മറ്റു പ്രക്ഷോഭങ്ങളും നിയന്ത്രിക്കുകയും ലംഘിക്കുന്നവർക്കെതിരെ കർശന ശിക്ഷാനടപടി കൈക്കൊള്ളുകയും ചെയ്യുമ്പോൾ,500 പേർക്ക് സത്യപ്രതിജ്ഞാ ചടങ്ങിൽ സംബന്ധിക്കാൻ അനുവാദം നൽകി വേലി തന്നെ വിളവ് തിന്നുകയാണെന്ന് ഹർജ്ജിയിൽ പറയുന്നു.

കേരളത്തിൽ ഇപ്പോൾ കൊറോണ വ്യാപകമാകുന്നതിന് പൊതുതെരഞ്ഞെടുപ്പ് ഒരു കാരണമായിരുന്നു. അതിനെതുടർന്നുള്ള വിജയഘോഷത്തിന് പൊതുഖജനാവിൽനിന്ന് ലക്ഷങ്ങൾ ചെലവിട്ട് പ്രോട്ടോകോൾ ചട്ടങ്ങൾ ലംഘിക്കാൻ അനുവദിക്കരുത്. ഇത് അധികാര ദുർവിനിയോഗമാണ്. കൊറോണ കൂടുതൽ വ്യാപിക്കുന്നതിന് ഇത് കാരണമാകും.

ഈ സാഹചര്യത്തിൽ 75 പേരിൽ കൂടാതെ സത്യപ്രതിജ്ഞാ ചടങ് സംഘടിപ്പിക്കുകയോ ആരോഗ്യ വിദഗ്ധർ നിർദ്ദേശിച്ചിട്ടുള്ളത് പോലെ വിർച്ച്വൽപ്ലാറ്റ്ഫോം വഴി സത്യപ്രതിജ്ഞാ ചടങ്ങ് നടത്തുകയോ ചെയ്യണം. പ്രോട്ടോകൾ ചട്ടം ലംഘിച്ച ചീഫ് സെക്രട്ടറിക്കെതിരെ കാരണം കാണിക്കൽ നോട്ടീസ് നൽകണം. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങൾക്കും കൊറോണ വ്യാപനം തടയുന്നതിന് ജനങ്ങളുടെ ഒത്തുചേരലും സാമൂഹ്യ അകലം പാലിക്കുന്നതും സംബന്ധിച്ച കർശന നിർദ്ദേശങ്ങൾ നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.