തിരുവനന്തപുരം: എൻസിപി മന്ത്രിയായി എ കെ ശശീന്ദ്രൻ തന്നെ അഞ്ചുവർഷവും തുടരും. ദേശീയനേതൃത്വത്തിന്റെ എതിർപ്പിനെ തുടർന്നാണ് തീരുമാനം. എൻസിപി മന്ത്രിസ്ഥാനം പങ്കിട്ടേക്കുമെന്നായിരുന്നു ആദ്യം മുതലുള്ള റിപ്പോർട്ടുകൾ. എൻസിപി സംസ്ഥാന പ്രസിഡൻറ് ടി പി പീതാംബരൻ മുൻമന്ത്രി തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ് കെ തോമസിന് മന്ത്രിസ്ഥാനം നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ദേശീയ ജനറൽ സെക്രട്ടറി പ്രഭുൽ പട്ടേലിൻ്റെ നേതൃത്വത്തിൽ ചേർന്ന സംസ്ഥാന സമതിയിലും ടി പി പീതാംബരൻ തോമസ് കെ തോമസിന് മന്ത്രിസ്ഥാനം നൽകണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ശശീന്ദ്രനെ മന്ത്രിയാക്കണമെന്ന നിലപാടാണ് സംസ്ഥാന സമിതിയിൽ ഭൂരിഭാഗം അംഗങ്ങളും എടുത്തത്.
തുടർന്ന് മന്ത്രിസ്ഥാനം രണ്ടരവർഷം വീതം പങ്കിടാമെന്ന തീരുമാനത്തിലെത്തി. എന്നാൽ ഇത് ദേശീയനേതൃത്വം എതിർക്കുകയായിരുന്നു. തുടർന്ന് ശശീന്ദ്രൻ തന്നെ അഞ്ചുവർഷക്കാലം മന്ത്രിയായാൽ മതിയെന്ന് എൻസിപി നേത്യത്വം തീരുമാനം എടുക്കുകയായിരുന്നു.