ഗണേഷ് കുമാറിന് മന്ത്രിസഭയില്‍ ആദ്യ ടേം ലഭിക്കാതിരിക്കാന്‍ കാരണം സഹോദരിയുടെ പരാതി; സോളാര്‍ കേസിലെ വിവാദ വനിതയുമായും ബന്ധമുണ്ടെന്നതിന് തെളിവ്; പിതാവിൻ്റെ വിൽപത്രത്തിൽ തിരിമറി

തിരുവനന്തപുരം: ഗണേഷ് കുമാറിന് മന്ത്രിസഭയില്‍ ആദ്യ ടേം ലഭിക്കാതിരിക്കാന്‍ കാരണം സഹോദരി ഉഷാ മോഹന്‍ദാസിൻ്റെ പരാതിയെന്ന് റിപ്പോർട്ട്. സോളാര്‍ കേസിലെ വിവാദ വനിതയുമായും ഗണേഷ് കുമാറിന് ബന്ധമുണ്ടെന്നതിന് തെളിവ്, പിതാവിൻ്റെ വിൽപത്രത്തിൽ തിരിമറി ഇവ സംബന്ധിച്ചാണ് ഉഷാ മോഹന്‍ദാസിന് പരാതിയെന്നാണ് സൂചന. ഈ മാസം മൂന്നിന് അന്തരിച്ച പിതാവിന്റെ വില്‍പത്രത്തില്‍ ചില തിരിമറികള്‍ നടന്നിട്ടുണ്ടെന്ന് ഉഷാ മോഹന്‍ദാസ് പിണറായിയെയും സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനെയും നേരില്‍ കണ്ട് അറിയിച്ചെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഗണേഷാണ് ഈ തിരിമറിക്കു പിന്നിലെന്നാണ് അവര്‍ സംശയിക്കുന്നത്. കൊട്ടാരക്കരയിലും പത്തനാപുരത്തുമായി കോടിക്കണക്കിനു സ്വത്താണ് പിള്ളയ്ക്കുള്ളത്. ഇതോടൊപ്പം സോളാര്‍ കേസിലെ വിവാദ വനിതയുമായും ഗണേഷ് കുമാറുമായും ബന്ധപ്പെട്ട വിവരങ്ങളും സഹോദരി പിണറായിയെ അറിയിച്ചു.

കേരള കോണ്‍ഗ്രസ് ബി നേതാവ് കെബി ഗണേഷ് കുമാറിന് മന്ത്രിസഭയില്‍ ആദ്യ ടേം ലഭിക്കാതിരിക്കാന്‍ കാരണം കുടുംബ പ്രശ്‌നമെന്നു റിപ്പോര്‍ട്ട്. ഈ മാസം അന്തരിച്ച പിതാവ് ആര്‍ ബാലകൃഷ്ണപിള്ളയുടെ വില്‍പത്രവുമായി ബന്ധപ്പെട്ട ചില തര്‍ക്കങ്ങള്‍ ഗണേഷിന്റെ സഹോദരി ഉഷാ മോഹന്‍ദാസ് മുഖ്യമന്ത്രിയെ ധരിപ്പിച്ചതോടെയാണ്, ആദ്യടേമില്‍ മന്ത്രിസ്ഥാനം നല്‍കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് സിപിഎം എത്തിയതെന്ന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

പുതിയ സര്‍ക്കാര്‍ സ്ഥാനമേല്‍ക്കുമ്പോള്‍ അതിലെ ഒരംഗവുമായി ബന്ധപ്പെട്ട് ഇത്തരമൊരു വിവാദം ഉയരാന്‍ സിപിഎം ആഗ്രഹിക്കുന്നില്ല. അതിനാല്‍ ആദ്യ ടേമില്‍ ഗണേഷ്‌കുമാറിനു മന്ത്രിസ്ഥാനം നല്‍കേണ്ടതില്ലെന്ന തീരുമാനത്തില്‍ പാര്‍ട്ടി എത്തുകയായിരുന്നു.

നിയമസഭയില്‍ ഒരംഗമുള്ള നാലു ഘടകകക്ഷികള്‍ രണ്ടു മന്ത്രിസ്ഥാനം പങ്കിടുകയെന്നതാണ് എല്‍ഡിഎഫിലെ തീരുമാനം. ഇതനുസരിച്ച് ഗണേഷിനും ആന്റണി രാജുവിനും കടന്നപ്പള്ളി രാമചന്ദ്രനും അഹമ്മദ് ദേവര്‍കോവിലിനും രണ്ടര വര്‍ഷം വീതം മന്ത്രിയാവാം. എല്‍ഡിഎഫ് യോഗം ചേര്‍ന്നപ്പോള്‍ ഗണേഷ് കുമാര്‍ ആദ്യ ടേം ആവശ്യപ്പെട്ടിരുന്നു. രണ്ടാം ടേം മതിയെന്ന് ആന്റണി രാജു അറിയിക്കുകയും ചെയ്തു. എന്നാല്‍ ആന്റണി രാജു ആദ്യം മന്ത്രിയാവട്ടെയെന്ന് പിണറായി നിര്‍ദേശിക്കുകയായിരുന്നു.