തിരുവനന്തപുരം: ഇടതുമുന്നണിയിലെ എല്ലാ ഘടകകക്ഷികളേയും പരിഗണിച്ചപ്പോൾ എൽജെഡിയെ മാത്രം മന്ത്രിസഭയിൽ ഉൾപ്പെടുത്താതെ മാറ്റിനിര്‍ത്തി. ഇക്കാര്യത്തിൽ വിശദീകരണം നൽകാതെ സിപിഎം ആക്ടിംഗ് സെക്രട്ടറി വിജയരാഘവൻ ഒഴിഞ്ഞുമാറി.
21 മന്ത്രിമാരായിരിക്കും രണ്ടാം പിണറായി മന്ത്രിസഭയിൽ ഉണ്ടാകുകയെന്ന് വിജയരാഘവൻ പറഞ്ഞു. സിപിഎമ്മിന് 12 അംഗങ്ങളും സിപിഐക്ക് നാല് കേരളാ കോൺഗ്രസിനും ജെഡിഎസിനും എൻസിപിക്കും ഒരോ മന്ത്രിസ്ഥാനങ്ങൾ നൽകും. ജനാധിപത്യ കേരളാ കോൺഗ്രസിനും ഐഎൻഎല്ലിനും ആദ്യ ഊഴത്തിൽ മന്ത്രി സ്ഥാനം കിട്ടും. രണ്ടാം ഊഴത്തിൽ കേരളാ കോൺഗ്രസ് ബിയും കോൺഗ്രസ് എസും രണ്ടാം ഊഴത്തിൽ മന്ത്രിസ്ഥാനത്തെത്തും.
സിപീക്കര്‍ സിപിഎമ്മിനും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം സിപിഐക്കും ആയിരിക്കും എന്നാണ് ഇടതുമുന്നണി യോഗത്തിൽ ധാരണയായത്. ചീഫ് വിപ്പ് സ്ഥാനം കേരളാ കോൺഗ്രസിന് നൽകും. വകുപ്പ് സംബന്ധിച്ച തീരുമാനങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയനെ മുന്നണിയോഗം ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും എ വിജയരാഘവൻ വിശദീകരിച്ചു.
നാളെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചേർന്ന് സിപിഎം മന്ത്രിമാരുടെ പേരുകളിൽ അന്തിമ തീരുമാനം എടുക്കും. കെകെ ശൈലജ ഒഴികെ നിര്‍ബന്ധമായും ബാക്കിയെല്ലാം പുതുമുഖങ്ങൾ ആയിരിക്കും. ഇതേ തീരുമാനം പിന്തുടരാനാണ് സിപിഐയുടേയും നീക്കം.