തിരുവനന്തപുരം: സംസ്ഥാനത്ത് പതിനെട്ടിനും നാല്‍പ്പത്തിയഞ്ചിനും ഇടയില്‍ പ്രായമായമുള്ളവര്‍ക്കുള്ള കൊറോണ വാക്‌സിന്‍ വിതരണത്തിനുള്ള രജിസ്‌ട്രേഷന്‍ ഇന്ന് ആരംഭിക്കും. വാക്‌സിനേഷന്‍ വിതരണം തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. ആദ്യം ഗുരുതര രോഗമുള്ളവര്‍ക്ക് ആയിരിക്കും വാക്‌സിനേഷന്‍ ലഭ്യമാകുക.
ഹൃദ്രോഗികളും പത്തുവര്‍ഷത്തിലേറെയായി പ്രമേഹത്തിനോ രക്താതിസമ്മര്‍ദത്തിനോ ചികിത്സ തേടുന്നവരുമടക്കം 20 രോഗവസ്ഥകളില്‍ ഏതെങ്കിലും അനുഭവിക്കുന്നവര്‍ക്ക് മുന്‍ഗണന ലഭ്യമാകും. പക്ഷാഘാതം, വൃക്ക, കരള്‍ സ്റ്റെംസെല്‍ എന്നിവ മാറ്റിവെച്ചവര്‍, അതിനായി കാത്തിരിക്കുന്നവര്‍, വൃക്കരോഗികള്‍, കരള്‍രോഗം, രണ്ടുവര്‍ഷമായി ഗുരുതര ശ്വാസകോശരോഗത്തിന് ചികിത്സ തേടുന്നവര്‍, ലുക്കീമിയ, ലിംഫോമ, മൈലോമ രോഗികള്‍, കാന്‍സര്‍ ചികിത്സ തേടുന്നവര്‍, സിക്കിള്‍ സെല്‍ രോഗം, തലാസീമിയ രോഗികള്‍, എച്ച്.ഐ.വി. ബാധിതര്‍, മറ്റു പ്രതിരോധശേഷി കുറയുന്ന അസുഖങ്ങളുള്ളവര്‍ തുടങ്ങിയവര്‍ക്കും മുന്‍ഗണനയുണ്ടാകും.
മുന്‍ഗണന വിഭാഗക്കാര്‍ ഡോക്ടറുടെ സാക്ഷ്യപത്രം രജിസ്‌ട്രേഷന്‍ സമയത്ത് അപ് ലോഡ് ചെയ്യണം. രോഗങ്ങളുടെ പട്ടികയും സാക്ഷ്യ പത്രത്തിന്റെ മാതൃകയും ആരോഗ്യവകുപ്പിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാകും.
കോവിന്‍ പോര്‍ട്ടലില്‍ വാക്‌സിനേഷനായി രജിസ്റ്റര്‍ ചെയ്തവര്‍ അതിന് ശേഷം സംസ്ഥാന സര്‍ക്കാരിന്റെ covid19.kerala.gov.in/vaccine/ എന്ന വെബ്‌സൈറ്റില്‍ പ്രവേശിച്ച് വേണം മുന്‍ഗണന രേഖപ്പെടുത്താന്‍.
വാക്‌സിന്‍ തിങ്കളാഴ്ച തുടങ്ങുമെന്നാണ് സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം സംസ്ഥാനത്ത് കോവിഷീല്‍ഡ് വാക്‌സിന്‍ ആദ്യ ഡോസ് സ്വീകരിച്ച് 84 ദിവസം പൂര്‍ത്തിയായവര്‍ക്ക് മാത്രമേ നാളെ മുതല്‍ രണ്ടാമത്തെ ഡോസ് അനുവദിക്കുകയുള്ളു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നല്‍കിയിട്ടുള്ള പുതുക്കിയ മാര്‍ഗനിര്‍ദ്ദേശ പ്രകാരമാണ് ഈ മാറ്റം. ഇതനുസരിച്ച് 12 മുതല്‍ 16 ആഴ്ചകള്‍ക്കുള്ളില്‍ കോവിഷീല്‍ഡ് രണ്ടാമത്തെ ഡോസ് വാക്‌സിന്‍ എടുത്താല്‍ മതിയാകും.