എടത്വ: പഠനത്തിനൊപ്പം വായ്പയെടുത്ത് മത്സ്യകൃഷി നടത്തിയ വിദ്യാർത്ഥിയുടെ മൽസ്യങ്ങളെ സാമൂഹ്യവിരുദ്ധർ വിഷം കലക്കി കൊന്നു. എടത്വ സെന്റ് അലോഷ്യസ് കോളജിലെ ബിരുദ വിദ്യാർഥിയായ പച്ച കുഴുവേലിക്കളം ഷാരോൺ ആന്റോ വർഗീസിന്റെ മത്സ്യക്കുളത്തിലാണ് സാമൂഹ്യവിരുദ്ധർ കഴിഞ്ഞ ദിവസം രാത്രിയിൽ വിഷം കലക്കിയത്. ഇതോടെ വിളവെടുപ്പ് പ്രായമായ നൂറുകണക്കിനു കരിമീനുകൾ ചത്തുപൊങ്ങി.
പഠന ചെലവുകൾക്ക് ആരെയും ബുദ്ധിമുട്ടിക്കാതെ സ്വന്തം നിലയ്ക്കു വരുമാനം കണ്ടെത്തണമെന്ന ലക്ഷ്യത്തോടെയാണ് ഷാരോൺ മത്സ്യകൃഷി തുടങ്ങിയത്. ഫിഷറീസ് വകുപ്പിന്റെ സഹായത്തോടെ വീടിനോട് ചേർന്നുള്ള മീൻ കുളത്തിലായിരുന്നു മീൻ വളർത്തിയിരുന്നത്. പഠനത്തിനിടയ്ക്കു സമയം കണ്ടെത്തിയായിരുന്നു മീന്‍ കൃഷി. കുളത്തിൽ സാമൂഹ്യ വിരുദ്ധർ വിഷം കലർത്തിയ സംഭവത്തില്‍ ഷാരോൺ ഫിഷറീസ് ഡിപ്പാർട്ട്മെന്റിനും പൊലീസിലും പരാതി നൽകി
രണ്ട് മാസം പ്രായമായ 3500 കരിമീൻ കുഞ്ഞുങ്ങളോളമാണ് കുളത്തിൽ ഉണ്ടായിരുന്നത്. വിളവെടുപ്പിന് തയ്യാറായിരിക്കുമ്പോഴാണ് കുളത്തിൽ വിഷം കലക്കുന്നത്. അഞ്ച് ലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടായതായിട്ടാണ് കണക്കാക്കുന്നത്.