പൊലീസിന്‍റെ ഓണ്‍ലൈന്‍ ഇ-പാസിന് ഇന്ന് അപേക്ഷിച്ചത് 4,71,054 പേർ

തിരുവനന്തപുരം: പൊലീസിന്‍റെ ഓണ്‍ലൈന്‍ ഇ-പാസിന് ഇന്ന് അപേക്ഷിച്ചത് 4,71,054 പേര്‍. ഇതില്‍ 60,340 പേര്‍ക്ക് യാത്രാനുമതി നല്‍കി. 3,61,366 പേര്‍ക്ക് അനുമതി നിഷേധിച്ചു. 49,348 അപേക്ഷകള്‍ പരിഗണനയിലാണ്. വ്യാഴാഴ്ച വൈകുന്നേരം ഏഴുമണിവരെയുളള കണക്കാണിത്.

അതേസമയം നിലവിലെ പ്രതിദിന കേസുകളും ടിപിആറും തുടർന്നാല്‍ ലോക്ക് ഡൗൺ നീട്ടിയേക്കും. തീവ്രവ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കൊറോണ ആന്‍റിജന്‍ പരിശോധന വ്യാപകമാക്കാൻ തീരുമാനിച്ചു. കൂടുതൽ ആളുകളെത്തുന്ന ബസ് സ്റ്റാൻഡ്, റെയിൽവെ സ്റ്റേഷൻ അടക്കമുള്ള സ്ഥലങ്ങളില്‍ സ്ഥിരം പരിശോധനാ സംവിധാനമുണ്ടാകും. ഗ്രാമീണ മേഖലകളിലും പരിശോധനാ ബൂത്തുകൾ ശക്തമാക്കും.

സംസ്ഥാനത്ത് ഇന്ന് 30,955 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 97 മരണങ്ങൾ കൂടി കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇന്നലത്തെ അപേക്ഷിച്ച് പ്രതിദിന കേസിലും ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കിലും കുറവുണ്ടായെങ്കിലും ആശങ്കയ്ക്ക് ഒട്ടും കുറവില്ല. ഇന്നലെത്തെക്കാൾ 6664 സാംപിൾ പരിശോധനയാണ് കുറഞ്ഞത്. 28.61 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. മലപ്പുറത്താണ് ഇന്ന് ഏറ്റവും അധികം പുതിയരോഗികൾ. 5044. ജില്ലയിൽ ടിപിആർ 40 ശതമാനം കടന്നു.