മുംബൈ: റിസർവ് ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ പദവിയിൽ ഒരു മലയാളി. ജോസ് കെ കാട്ടൂരാണ് മലയാളിക്ക് അഭിമാനമായി ഈ പദവിയിൽ എത്തിയത്. ആർബിഐയുടെ കർണ്ണാടക റീജിയണൽ ഡയറക്ടറായി ബംഗലുരുവിൽ പ്രവർത്തിച്ചു വരികയായിരുന്നു. കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി ആർബിഐയിൽ വിവിധ തസ്തികകളിൽ സേവനം അനുഷ്ടിച്ചിട്ടുണ്ട്.
എച്ച് ആർ മാനേജ്മെൻറ് , കോർപ്പറേറ്റ് സ്ട്രാറ്റജി, ബജറ്റിങ് , രാജ് ഭാഷ വകുപ്പ് എന്നിവയുടെ ചുമതലയാണ് അദ്ദേഹത്തിന് നൽകിയിട്ടുള്ളത്. ഗുജറാത്ത് ആനന്ദിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ മാനേജ്മെൻറിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. നിയമ ബിരുദവുമുണ്ട്. ജോസിൻ്റെ നിയമനത്തോടെ ആർബിഐക്ക് 13 ഏക്സിക്യൂട്ടീവ് ഡയറക്ടർമാരായി.
പെനിസിൽവാനിയയിലെ വാർട്ടൻ സ്ക്കൂൾ ഓഫ് ബിസിനസ്സിൽ നിന്ന് അഡ്വാൻസ് മാനേജ്മെൻറ് പ്രോഗ്രാമിൽ ജോസ് പരിശീലനം നേടിയിട്ടുണ്ട്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് & ഫിനാൻസിൻ്റെ സർട്ടിഫൈഡ് അസോസിയേറ്റാണ്. ലത ജോസാണ് ഭാര്യ. രണ്ട് മക്കൾ . സഞ്ജനയും ശ്രുതിയും.