ആലപ്പുഴ: കേരം തിങ്ങും കേരള നാട്ടിൽ, വിപ്ലവ നക്ഷത്രം കെ ആർ ഗൗരിയമ്മ ഇനി ഓർമ. വിപ്ലവ സ്മരണങ്ങളിരമ്പുന്ന ആലപ്പുഴ വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ ഗൗരിയമ്മയ്ക്ക് പൂർണ സംസ്ഥാന ഔദ്യോഗിക ബഹുമതികളോട് വിട നൽകി. തന്റെ ഭർത്താവും സിപിഐ നേതാവുമായിരുന്ന ടി.വി.തോമസ് ഉൾപ്പെടെ കമ്യൂണിസ്റ്റ് പാർട്ടി നേതാക്കൾ അന്ത്യവിശ്രമം കൊള്ളുന്ന മണ്ണിൽ ഗൗരിയമ്മയും ചരിത്രത്തിൻ്റെ ഭാഗമായി.
അണുബാധയെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ രാവിലെ ഏഴ് മണിക്കായിരുന്നു ഗൗരിയമ്മയുടെ അന്ത്യം. ഗൗരിയമ്മയുടെ മൃതദേഹം 10.45ന് അയ്യങ്കാളി ഹാളിൽ( പഴയ വിജെടി ഹാൾ) പൊതുദർശനത്തിനുവച്ചു. മുഖ്യമന്ത്രിയും ഗവർണ്ണറുമുൾപ്പെടെ നിരവധി പ്രമുഖർ അന്തിമോപാചരം അർപ്പിച്ചു. ഉച്ചയോടെ ജന്മനാടായ ആലപ്പുഴയിലെത്തിച്ചു. ചാത്തനാട്ടെ കളത്തിൽപറമ്പിൽ വീട്ടിൽ അൽപസമയം പൊതുദർശനത്തിന് വച്ച ശേഷം, മൃതദേഹം ആലപ്പുഴ എസ്ഡിവി ഓഡിറ്റോറിയത്തിൽ എത്തിച്ചു. പിന്നീട് വലിയ ചുടുകാട് ശ്മശാനത്തിൽ അവസാനച്ചടങ്ങുകൾ.
കൊറോണ പ്രോട്ടോക്കോൾ പാലിച്ച് തിരുവനന്തപുരത്തും ആലപ്പുഴയിലും നേതാക്കളും പ്രവർത്തകരുമടക്കം അനേകർ പ്രിയ നേതാവിന് അന്ത്യാഞ്ജലി അർപ്പിച്ചു. ഒടുവിൽ ധീരയായ ആലപ്പുഴക്കാരിക്ക്, കേരളത്തിൻ്റെ വീരാംഗനയ്ക്ക് നാടിൻ്റെ യാത്രാമൊഴി.
കേരള രാഷ്ട്രീയത്തിലെ പെണ്ണൂശിരായിരുന്നു കെ.ആർ. ഗൗരിയമ്മ. 1919 ജൂലൈ 14ന് (മിഥുനത്തിലെ തിരുവോണനാൾ) ചേർത്തല പട്ടണക്കാട് കളത്തിപ്പറമ്ബിൽ കെ.എ. രാമൻറെയും ആറുമുറിപറമ്ബിൽ പാർവതിയമ്മയുടെയും ഏഴാമത്തെ മകളായി ജനനം. തുറവൂരിലും ചേർത്തലയിലുമായി (കണ്ടമംഗലം എച്ച്എസ്എസ്, തുറവൂർ ടിഡിഎച്ച്എസ്എസ്), സ്കൂൾ വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ് കോളജിലും സെൻറ് തെരേസാസ് കോളജിലുമായി ഉപരിപഠനം. തിരുവനന്തപുരം ഗവ. ലോ കോളജിൽനിന്നു നിയമബിരുദം. ആദ്യ ഈഴവ അഭിഭാഷകയുമായിരുന്നു.
മൂത്ത സഹോദരനും ട്രേഡ് യൂണിയൻ നേതാവുമായിരുന്ന കെ.ആർ. സുകുമാരനിൽനിന്നു പ്രചോദനമുൾക്കൊണ്ടായിരുന്നു ഗൗരിയമ്മ രാഷ്ട്രീയത്തിലേക്കിറങ്ങിയത്. പ്രഥമ കേരള മന്ത്രിസഭാംഗവും കമ്യൂണിസ്റ്റ് നേതാവുമായിരുന്ന ടി.വി. തോമസായിരുന്നു ഭർത്താവ്. 1957-ലായിരുന്നു വിവാഹവും. 1964ൽ പാർട്ടിയിലെ പിളർപ്പിനു ശേഷം ഇരുവരും രണ്ടു പാർട്ടിയിലായി. അതിനു ശേഷം അകന്നായിരുന്നു ജീവിതവും.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കാലം (2006 മാർച്ച് 31വരെ 16,345 ദിവസം) നിയമസഭാംഗമായിരുന്നു. ഏറ്റവും കൂടുതൽ കാലം മന്ത്രിയായിരുന്ന വനിത, പ്രായംകൂടിയ മന്ത്രി എന്നീ പട്ടങ്ങളും ഇവർക്കു സ്വന്തം. ജയിൽവാസവും ഗൗരിയമ്മയ്ക്കു പുത്തരിയല്ലായിരുന്നു.
1948ൽ തിരുവിതാംകൂർ നിയമസഭയിലേക്കു മത്സരിച്ചാണ് ഗൗരിയമ്മയുടെ തുടക്കം. 1952ലും 56ലും തിരുകൊച്ചി നിയമസഭയിൽ അംഗമായി. തിരുക്കൊച്ചിയിലും കേരളത്തിലുമായി നടന്ന 17 തെരഞ്ഞെടുപ്പുകളിൽ മത്സരിച്ച ഗൗരിയമ്മ 13 എണ്ണത്തിൽ വിജയിച്ചു. 11 തവണ നിയമസഭാംഗമായി. 1948ലെ കന്നിയങ്കത്തിലും 1977, 2006, 2011 വർഷങ്ങളിലുമാണ് പരാജയം അറിഞ്ഞത്.
1987ലെ തെരഞ്ഞെടുപ്പിൽ കേരളത്തെ കെ.ആർ. ഗൗരിയമ്മ ഭരിക്കുമെന്ന പ്രചാരണം സജീവമായിരുന്നു. മുന്നണി വിജയിച്ചെങ്കിലും ഇ.കെ. നായനാരായിരുന്നു മുഖ്യമന്ത്രിയായത്. സംസ്ഥാന രൂപീകരണത്തിനുശേഷം 1957ൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാനാർഥിയായി ചേർത്തലയിൽനിന്നാണ് ഗൗരിയമ്മ മത്സരിച്ചു വിജയിച്ചത്. ആദ്യ തെരഞ്ഞെടുപ്പിൽ തന്നെ മന്ത്രിയായി എന്ന ബഹുമതിയും ഗൗരിയമ്മയ്ക്കുണ്ട്. 1960ൽ സിപിഐ സ്ഥാനാർഥിയായി ചേർത്തലയിൽനിന്നു വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
1965, 67, 70, 80, 82, 87, 91 വർഷങ്ങളിൽ സിപിഎം സ്ഥാനാർഥിയായി അരൂരിൽനിന്നു ജനവിധി തേടി വിജയിച്ചു. 1957, 67, 80, 87, 2001 വർഷങ്ങളിൽ മന്ത്രിയായി. 102-ാം വയസിലും ഊർജസ്വലയായി ഒരു പാർട്ടിയെ നയിച്ച വനിത ലോകത്തുതന്നെ ചരിത്രമാണ്.
അരൂർ, ചേർത്തല നിയോജകമണ്ഡലങ്ങളായിരുന്നു പ്രധാന തട്ടകം. 1965, 67, 70, 80, 82, 87, 91 വർഷങ്ങളിൽ നടന്ന തെരഞ്ഞെടുപ്പുകളിൽ സിപിഎം സ്ഥാനാർഥിയായി അരൂരിൽനിന്നു ജനവിധി തേടി വിജയം കൊയ്ത ഗൗരിയമ്മ 1957, 67, 80, 87, 2001 വർഷങ്ങളിൽ മന്ത്രിയുമായി.
സിപിഎമ്മിൽ നിന്നും പുറത്തുവന്നു ജെഎസ്എസ് രൂപീകരിച്ചു യുഡിഎഫിൻറെ ഭാഗമായി മാറിയ ഗൗരിയമ്മ 1996ലും 2001ലും ജെഎസ്എസ് സ്ഥാനാർഥിയായി അരൂരിൽനിന്നു വീണ്ടും വിജയിച്ചു. കേരള കർഷകസംഘം പ്രസിഡൻറ്(1960-64), കേരള മഹിളാ സംഘം പ്രസിഡൻറ് (1967-1976), കേരള മഹിളാസംഘം സെക്രട്ടറി (1976-87), സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്ബർ, ജെഎസ്എസ് സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ നിലകളിൽ അവർ പ്രവർത്തിച്ചു.