പൾസ് ഓക്‌സിമീറ്ററിനും മാസ്‌കിനും അമിത വില ഈടാക്കിയാൽ നടപടി

തിരുവനന്തപുരം: മാസ്‌കിനും പൾസ് ഓക്‌സിമീറ്ററിനും അമിത വില ഈടാക്കുന്നവർക്ക് എതിരെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വീടുകളിൽ കഴിയുന്നവർക്ക് ശ്വാസ തടസ്സം അനുഭവപ്പെടുന്ന സാഹചര്യത്തിലോ, പൾസ് ഓക്‌സി മീറ്ററിൽ ഓക്‌സിജൻ നില കുറയുന്ന സാഹചര്യത്തിലോ അവരെ എത്രയും പെട്ടെന്ന് ആശുപത്രിയിലേയ്ക്ക് മാറ്റേണ്ടതാണ്. അത്തരമൊരു ഘട്ടത്തിൽ ഉടനടി ചെയ്യേണ്ടത് റാപ്പിഡ് റെസ്‌പോൺസ് ടീമിലെ കോണ്ടാക്റ്റ് പേർസണെ ആ വിവരം അറിയിക്കുക എന്നതാണ്.

ആർ.ആർ.ടി ആ വിവരം ജില്ലാ കണ്ട്രോൾ യൂണിറ്റിലേയ്ക്ക് കൈമാറുകയും ജില്ലാ കണ്ട്രോൾ യൂണിറ്റ് ഷിഫ്റ്റിംഗ് ടീമിനു നിർദ്ദേശം നൽകുകയും ചെയ്യും. രോഗാവസ്ഥയുടെ സ്വഭാവമനുസരിച്ച്‌ ഈ ഷിഫ്റ്റിംഗ് ടീം രോഗിയെ സി.എഫ്.എൽ.ടി.സിയിലേയ്‌ക്കോ,സി.എസ്.എൽ.ടിസിയിലേയ്‌ക്കോ, കോവിഡ് കെയർ ഹോസ്പിറ്റലുകളിലേയ്‌ക്കോ, ആവശ്യമെങ്കിൽ മെഡിക്കൽ കോളേജിലേക്കോ മാറ്റുന്നതായിരിക്കും.

ഇതിനായി ആംബുലൻസുകൾ എല്ലായിടത്തും വിന്യസിച്ചിട്ടുണ്ട്. ഇതോടൊപ്പം പഞ്ചായത്തുകളുടെ കീഴിലുള്ള ആംബുലൻസുകളും മറ്റു വാഹനങ്ങളും ഈ കേന്ദ്രീകൃത പൂളിൽ ഉൾപ്പെടുത്തി മെഡിക്കൽ ഷിഫ്റ്റിംഗ് സംവിധാനത്തെ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. ഇവയുടെ പ്രവർത്തനം ഏകോപിപ്പിക്കാൻ ഷിഫ്റ്റിംഗ് നോഡൽ ഓഫീസർമാരെ നിയമിച്ചിട്ടുണ്ട്.

ഓരോ വാർഡിലും ആവശ്യത്തിന് മരുന്ന് ഉറപ്പാക്കണം. കിട്ടാത്ത മരുന്നുകൾ മറ്റിടങ്ങളിൽ നിന്ന് എത്തിക്കണം. മെഡിക്കൽ ഉപകരണങ്ങളുടെ ലഭ്യത ആവശ്യത്തിന് ഉണ്ടോ എന്ന് പരിശോധിക്കണം. ഉപകരണങ്ങൾക്ക് അമിതവില ഈടാക്കുന്ന പ്രശ്‌നമുണ്ടെങ്കിൽ ജില്ലാ ഭരണസംവിധാനത്തിന്റെ ശ്രദ്ധയിൽപ്പെടുത്തണം. പൾസ് ഓക്‌സിമീറ്റർ , മാസ്‌ക് എന്നിവയ്ക്ക് അമിതവില ഈടാക്കുന്നതിനെതിരെ കർശന നടപടി എടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.