കൊറോണ പ്രതിസന്ധി; സിനിമാ പ്രവർത്തകർക്ക് സഹായ ഹസ്തവുമായി സൽമാൻ ഖാൻ

മുംബൈ: കൊറോണ വൈറസിന്റെ രണ്ടാം തരം​ഗത്തിൽ പ്രതിസന്ധിയിലായ സിനിമ പ്രവർത്തകർക്ക്​ സഹായഹസ്​തവുമായി ബോളിവുഡ്​ സൂപ്പർതാരം സൽമാൻ ഖാൻ. സാങ്കേതിക പ്രവർത്തകർ, മേക്കപ്പ്​ ആർട്ടിസ്റ്റുകൾ, ജൂനിയർ ആർട്ടിസ്റ്റുകൾ, സ്റ്റണ്ട്​ ആർട്ടിസ്റ്റുകൾ, ലൈറ്റ്​ബോയിമാർ തുടങ്ങി 25,000 പേർക്കാണ്​ സൽമാൻ സഹായധനം നൽകുന്നത്​. ആദ്യഗഡുവായി 1,500 രൂപ വീതമാണ് നൽകുകയെന്ന്​ ഫെഡറേഷൻ ഓഫ്​ വെസ്​റ്റേൺ ഇന്ത്യൻ സിനി എംപ്ലോയിസ്​ (എഫ്​.ഡബ്ല്യു.ഐ.സി.ഇ) പ്രസിഡൻറ്​ ബി.എൻ. തിവാരി പറഞ്ഞു.

‘അർഹത​പ്പെട്ടവരുടെ പട്ടികയും അക്കൗണ്ട്​ നമ്പരും സൽമാൻ ഖാന്​ കൈമാറിയിട്ടുണ്ട്​. ഉടൻ പണം നിക്ഷേപിക്കുമെന്ന്​ അദ്ദേഹം അറിയിച്ചിട്ടുണ്ട്​’- ബി.എൻ. തിവാരി വ്യക്​തമാക്കി. ഇതുകൂടാതെ സിനിമയിൽ ജോലി ചെയ്യുന്ന അർഹരായ 35,000 മുതിർന്ന പൗരന്മാർക്ക്​ 5000 രൂപ വീതം നൽകാൻ യഷ്​രാജ്​ ഫിലിംസുമായി തത്വത്തിൽ ധാരണയായതായി അദ്ദേഹം പറഞ്ഞു.

നാലുപേരടങ്ങുന്ന കുടുംബത്തിനുള്ള പ്രതിമാസ റേഷൻ വിതരണം ചെയ്യാമെന്നും യഷ്​രാജ്​ ഫിലിംസ്​ സമ്മതിച്ചിട്ടുണ്ട്​. കഴിഞ്ഞ വർഷം ജോലിയില്ലാതെ വിഷമിക്കുന്ന സിനിമ പ്രവർത്തകർക്ക്​ 3,000 രൂപ വീതം സൽമാൻ ഖാൻ നൽകിയിരുന്നു.

അടുത്തിടെ, ശിവസേനയുടെ യൂത്ത്​ വിങുമായി സഹകരിച്ച്‌​ മുംബൈയുടെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന പൊലീസുകാരും ആരോഗ്യപ്രവർത്തകരും അടക്കമുള്ള 5000 കൊറോണ മുന്നണി ​പോരാളികൾക്ക്​ ഭക്ഷണമെത്തിക്കാനും സൽമാൻ ഖാൻ രംഗത്തെത്തിയിരുന്നു.