തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട; 405 കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ; പിടിയിലായത് റിട്ടയേര്‍ഡ് എസ്പിയുടെ മകൻ്റെ ഗ്യാങ്ങ്

തിരുവനന്തപുരം: റിട്ടയേര്‍ഡ് എസ്പിയുടെ മകൻ നേതൃത്വം നല്‍കുന്ന സംഘത്തിലെ രണ്ടു പേർ തിരുവനന്തപുരത്ത് 405 കിലോ കഞ്ചാവുമായി പിടിയിൽ. കാടക്കട അന്തിയൂർ കോണത്തു വച്ചാണ് സ്വകാര്യ വാഹനത്തിൽ കടത്തിയ കഞ്ചാവ് പിടികൂടിയത്. തിരുമല സ്വദേശി ഹരികുമാർ, ബീമ പള്ളിക്ക് സമീപം താമസിക്കുന്ന അഷ്കർ എന്നിവരാണ് പിടിയിലായത്.

മാസങ്ങൾക്ക് മുമ്പ് ബാലരാമപുരത്തുനിന്ന് 203 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. ഇതേ സംഘത്തിൽ പെട്ടവർ തന്നെയാണ് ഇന്ന് പിടിയിലായ ഹരികുമാറും അഷ്കറും എന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. സംഘത്തലവൻ ജയിലിലിൽ കിടന്നാണ് നിർദേശങ്ങൾ നൽകുന്നത്. അനുയായികളെ ഉപയോഗിച്ച് കഞ്ചാവ് കടത്തുന്നതായി എക്സൈസ് ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചിരുന്നു.

തലസ്ഥാനത്തെ സമ്പന്ന കുടുംബങ്ങളിലെ ചെറുപ്പക്കാരാണ് ഇവരുടെ ഇരകൾ. നേരത്തേ മുട്ടട സ്വദേശിയായ യുവാവിനു വേണ്ടിയാണ് കഞ്ചാവെത്തിച്ചത്. പഠനത്തിനും മറ്റുമായി ബംഗളൂരുവില്‍ എത്തിയ യുവാക്കളാണ് ലഹരി ഉപയോഗത്തിലൂടെ പിന്നീട് കച്ചവടത്തിലേക്ക് തിരിഞ്ഞത്. റിട്ടയേര്‍ഡ് എസ്.പി.യുടെ മകനാണ് സംഘത്തിന് നേതൃത്വം നല്‍കുന്നത്.

സർക്കിൾ ഇൻസ്പെക്ടർമാരായ ടി അനികുമാർ, ജി കൃഷ്ണകുമാർ, എക്സൈസ് ഇൻസ്പെക്ടർമാരായ
കെ വി വിനോദ്, ടി ആർ മുകേഷ് കുമാർ,ആർ ജി രാജേഷ്,എസ് മധുസൂദനൻ നായർ, പ്രിവന്റീവ് ഓഫീസർമാരായ
ബി ഹരികുമാർ,രാജ് കുമാർ,സിവിൽ എക്സൈസ് ഓഫീസർമാരായ പി സുബിൻ,എസ് ഷംനാദ്,ആർ രാജേഷ്,
എം വിശാഖ്,ജിതീഷ്,ബിജു,ശ്രീലാൽ,മുഹമ്മദ് അലി,അനിഷ്,രാജീവ് എന്നിവരടങ്ങുന്ന സംഘമാണ് ഇവരെ പിടികൂടിയത്.