സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ; കൊല്ലം, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ വ്യാഴാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് കൊല്ലം, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ചയും വ്യാഴാഴ്ചയും വയനാട്, പത്തനംതിട്ട ജില്ലകളിൽ ജാഗ്രതാനിർദേശം നൽകി.

ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 എംഎം മുതൽ 115.5 എംഎം വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കുന്നത്.തെക്ക് കിഴക്ക് അറബിക്കടലിനോട് ചേർന്നുള്ള കേരള കർണാടക തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

അടുത്ത 24 മണിക്കൂറിൽ തീരങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റും മോശം കാലാവസ്ഥയുമാണ് പ്രവചിക്കുന്നത്. ഇക്കാരണത്താൽ കേരള, കർണാടക തീരങ്ങളിൽ മൽസ്യത്തൊഴിലാളികൾ കടലിലിറങ്ങരുതെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഉച്ചക്ക് 2 മുതൽ രാത്രി 10 വരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്.