മഹോബ: വരന് രണ്ടിന്റെ ഗുണനപ്പട്ടിക അറിയാത്തതിനാൽ വിവാഹം വേണ്ടെന്ന് വെച്ച് വധു. വിവാഹത്തിന് മുമ്പ് വരൻ പറഞ്ഞ വിദ്യാഭ്യാസ യോഗ്യതയിൽ സംശയം തോന്നിയതിനാലാണ് വധു മണ്ഡപത്തിൽ വെച്ച് രണ്ടിന്റെ ഗുണനപ്പട്ടിക പറയാൻ ആവശ്യപ്പെട്ടത്. എന്നാൽ വരന് ഗുണനപ്പട്ടിക അറിയില്ലായിരുന്നു. ഇതോടെ വധു തനിക്ക് വിവാഹം വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.
ഉത്തർപ്രദേശിലെ മഹോബയിലാണ് രസകരമായ സംഭവം നടന്നത്. ശനിയാഴ്ച്ച രാത്രിയായിരുന്നു വിവാഹ ചടങ്ങ്. വരനും വധുവും മണ്ഡപത്തിൽ നിൽക്കവെയാണ് സംഭവം നടക്കുന്നത്. സംഭവം തർക്കത്തിലേക്ക് എത്തിയപ്പോൾ വിവാഹസ്ഥലത്ത് പൊലീസ് എത്തി പരിഹാരത്തിന് ശ്രമിച്ചു.
കണക്കിന്റെ ആദ്യ പാഠം പോലും അറിയാത്തൊരാളെ താൻ എങ്ങനെ വിവാഹം ചെയ്യുമെന്നാണ് വധു പൊലീസിനോട് ചോദിച്ചത്. വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ച വിവാഹമായിരുന്നു ഇത്. എന്നാൽ വിദ്യാഭ്യാസമില്ലെന്ന് അറിഞ്ഞ വധു മറ്റൊന്നും കേൾക്കാൻ നിൽക്കാതെ ഇറങ്ങി പോവുകയായിരുന്നു.
വരന് പറഞ്ഞ വിദ്യാഭ്യാസമില്ലെന്ന് അറിഞ്ഞത് തന്നെ ഞെട്ടിച്ചുവെന്ന് വധുവിന്റെ ബന്ധു പറയുന്നു. വരന് വിദ്യാഭ്യാസമില്ലെന്ന വിവരം വീട്ടുകാർ മറച്ച് വെക്കുകയായിരുന്നു. അയാളെ വേണ്ടെന്ന് വെച്ച യുവതിയെ വീട്ടുകാരും ബന്ധുക്കളും പിന്തുണക്കുകയും, പ്രശംസിക്കുകയും ചെയ്തു. തുടർന്ന് ഇരുവീട്ടുകാരും കൈമാറിയ സമ്മാനങ്ങളും, സ്വർണ്ണവും തിരികെ ഏൽപ്പിച്ച് പ്രശ്‌നം അവസാനിപ്പിച്ചു എന്നാണ് പൊലീസ് പറയുന്നത്.