രാജ്യത്തെ 5 ജി സേവനങ്ങളിൽ ചൈനീസ് കമ്പനികളെ വിലക്കും; 5ജി പരീക്ഷണങ്ങൾക്ക് അനുമതി നൽകി കേന്ദ്രം

ന്യൂഡെൽഹി: ചൈനീസ് കമ്പനികളെ ഒഴിവാക്കി രാജ്യത്ത് 5 ജി സാങ്കേതിക വിദ്യയ്ക്കും സ്പെക്ട്രം ട്രയലിനും ടെലികോം സേവന ദാതാക്കൾക്ക് (ടിഎസ്പി) കേന്ദ്ര ടെലികോം ഡിപ്പാർട്ട്മെന്റ് അനുമതി നൽകി. ഭാരതി എയർടെൽ, റിലയൻസ് ജിയോ ഇൻഫോകോം, വൊഡഫോൺ ഐഡിയ, എംടിഎൻഎൽ എന്നിവ ഗ്രാമീണ, അർദ്ധ നഗര, നഗര പ്രദേശങ്ങളിൽ 5ജി ട്രയൽ നടത്തും.

ടെലികോം ഉപകരണ നിർമാതാക്കളുടെ പട്ടികയിൽ എറിക്സൺ, നോക്കിയ, സാംസങ്, സി-ഡോട്ട്, റിലയൻസ് ജിയോ എന്നിവയുടെ സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തി. തുടക്കത്തിൽ, ഭാരതി എയർടെല്ലും വൊഡഫോൺ ഐഡിയയും ചൈനയിലെ ഹുവേയ്‍യുടെ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പരീക്ഷണത്തിനു നിർദേശങ്ങൾ സമർപ്പിച്ചിരുന്നു.

പിന്നീട്, അവർ ചൈനീസ് കമ്പനികളുടെ സാങ്കേതികവിദ്യകളില്ലാതെ പരീക്ഷണം നടത്തുന്നതിന് അപേക്ഷ സമർപ്പിച്ചപ്പോഴാണ് അംഗീകാരം കിട്ടിയതെന്നാണു സൂചന. ‘എറിക്സൺ, നോക്കിയ, സാംസങ്, സി-ഡോട്ട് എന്നിവ ഒറിജിനൽ ഉപകരണ നിർമാതാക്കളുമായും സാങ്കേതിക ദാതാക്കളുമായും ചേർന്നാണു പ്രവർത്തിക്കുന്നത്. റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡ് തദ്ദേശീയ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്’– ടെലികോം വകുപ്പ് അറിയിച്ചു.

രാജ്യത്തെ 5 ജി സേവനങ്ങളിൽനിന്ന് ചൈനീസ് കമ്പനികളെ സർക്കാർ വിലക്കുമെന്നാണ് ഈ നീക്കം നൽകുന്ന സൂചന. ട്രയലുകൾ നടത്തുന്നതിന് ടെലികോം ഓപ്പറേറ്റർമാർക്ക് അവരുടെ നിലവിലുള്ള സ്പെക്ട്രം (800 മെഗാഹെർട്സ്, 900 മെഗാഹെർട്സ്, 1800 മെഗാഹെർട്സ്, 2500 മെഗാഹെർട്സ്) ഉപയോഗിക്കാൻ അനുവാദമുണ്ട്. ട്രയലുകളുടെ കാലാവധി നിലവിൽ 6 മാസമാണ്. ഉപകരണങ്ങൾ സ്വന്തമാക്കുന്നതിനും സജ്ജീകരിക്കുന്നതിനുമുള്ള 2 മാസത്തെ സമയപരിധിയും ഇതിലുൾപ്പെടുന്നു.