തിരുവനന്തപുരം: സിപിഎമ്മിൽ മന്ത്രിമാരാകാൻ സാദ്ധ്യതയുള്ള പ്രമുഖരിൽ മിക്കവരും വിജയിച്ചിട്ടുണ്ട്. സിപിഎമ്മിലും ഇടതുമുന്നണിയിലും പുതിയ മന്ത്രിമാരെ സംബന്ധിച്ച ചർച്ചകൾ തുടങ്ങി.എം..വി.. ഗോവിന്ദൻ, കെ രാധാകൃഷ്ണൻ, പി രാജീവ്, വി ശിവൻകുട്ടി, എം.ബി രാജേഷ്, കെ.എൻ. ബാലഗോലാൽ, വീണാ ജോർജ്, മുഖ്യമന്ത്രിയുടെ മരുമകൻ കൂടിയായ മുഹമ്മദ് റിയാസ് , എൻ.എം ഷംസീർ എന്നിവരൊക്കെ മന്ത്രിസഭയിലെ നവാഗതരായേക്കാം. സി.പി.എം മന്ത്രിമാരെ തീരുമാനിക്കുന്നതിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടുതന്നെയാകും നിർണായകം.മുതിർന്ന മന്ത്രിമാരെ അടക്കം മാറ്റിനിറുത്തി പുതുമുഖങ്ങളെ അണിനിരത്തി ചരിത്രവിജയം നേടിയ എൽ.ഡി.എഫ് സർക്കാരിന്റെ പുതിയ മന്ത്രിസഭയിൽ പുതുമുഖങ്ങൾക്ക് പ്രാധാന്യം കൂടും. അതേപോലെ നിലവിൽ മന്ത്രിമാരായ തിളക്കമാർന്ന വിജയം നേടിയ കെകെ ശൈലജ, എംഎം മണി എന്നിവർ പുതിയ മന്ത്രിസഭയിലും ഉറപ്പാണ്. എ.സി. മൊയ്തീനും കെ..ടി. ജലീലിനും കടകംപള്ളിക്കും വീണ്ടും അവസരം നൽകുമോ എന്നതും ചർച്ചാവിഷയമാണ്..പകരം നവാഗതരായ ചെറുപ്പക്കാരെ പരിഗണിക്കാൻ തീരുമാനിച്ചാൽ കഴിഞ്ഞ സർക്കാരിനെതിരെ ഏറ്റവും വലിയ പോരാട്ടം നടത്തിയ അനിൽ അക്കരയെ തോൽപിച്ച് വൻ വിജയം നേടിയ സേവ്യർ ചിറ്റിലപ്പള്ളിയെ പരിഗണിക്കാനും സാദ്ധ്യതയുണ്ട്. മൊയ്തീൻ്റെ നാട്ടുകാരൻ തന്നെയാണ് സേവ്യറും.സി.പി.ഐ മന്ത്രിമാരെല്ലാം പുതുമുഖങ്ങളാകാനാണ് സാദ്ധ്യത. കേരള കോൺഗ്രസ് എമ്മിന് ഒരു മന്ത്രിസ്ഥാനവും ഒരു കാബിനറ്റ് റാങ്കിനുമാണ് സാധ്യത. മുന്നണിയുടെ വിജയത്തിന് നിർണായകമായ സംഭാവന നൽകിയിട്ടും പരാജയം ഏറ്റുവാങ്ങേണ്ടിവന്ന പാർട്ടി ചെയർമാൻ ജോസ് കെ.മാണിക്ക് കാബിനറ്റ് റാങ്കോടുകൂടിയ പദവി പരിഗണിച്ചേക്കാം. റോഷി അഗസ്റ്റിനായിരിക്കും കേരളാ കോൺഗ്രസിൽ നിന്നും മന്ത്രിസഭയിലെത്തുക .ഏക അംഗങ്ങളുള്ള പാർട്ടികൾക്ക് മന്ത്രിസഭയിൽ പ്രാതിനിധ്യം നൽകുന്നത് സി.പി.എം ആലോചിക്കും. അങ്ങനെവന്നാൽ ജനാധിപത്യ കേരളാ കോൺഗ്രസ് നേതാവ് ആന്റണി രാജു, രാമചന്ദ്രൻ കടന്നപ്പള്ളി, കെ..ബി.. ഗണേഷ്കുമാർ എന്നിവരെ പരിഗണിച്ചേക്കാം.