റെയിൽവേ ഫ്ലാറ്റ്ഫോമിൽ കയറാം; ടിക്കറ്റ് നിരക്ക് കുത്തനെ വർധിപ്പിച്ചു

കൊച്ചി: റെയിൽവേ ഫ്ലാറ്റ്ഫോമിൽ ഇന്നു മുതല്‍ കയറാം. പക്ഷെ ടിക്കറ്റ് നിരക്ക് കുത്തനെ വർധിപ്പിച്ചു. പത്ത് രൂപയുണ്ടായിരുന്ന ടിക്കറ്റിന് ഇനി 50 രൂപ നല്‍കണം. ഒരു വര്‍ഷമായി നിര്‍ത്തിവച്ചിരുന്ന റെയില്‍വേ പ്ലാറ്റ്‌ഫോം ടിക്കറ്റുകളാണ് തിരിച്ചുവന്നത്. പാലക്കാട് ഡിവിഷനില്‍ ഇന്നു മുതൽ പ്ലാറ്റ്‌ഫോം ടിക്കറ്റ് നല്‍കി തുടങ്ങി.

കൊറോണ വ്യാപനം രൂക്ഷമായതോടെ പ്ലാറ്റ്‌ഫോമുകളിലെ തിരക്ക് കുറയ്ക്കാനാണ് നിരക്ക് വര്‍ധിപ്പിച്ചതെന്ന് ഉത്തരവില്‍ പറയുന്നു. എന്നാല്‍, യു.ടി.എസ്. ടിക്കറ്റ് നല്‍കാത്ത ചെറിയ സ്റ്റേഷനുകളില്‍ ഈ സൗകര്യം കിട്ടാനിടയില്ല. അത്തരം സ്റ്റേഷനുകളില്‍ ക്രിസില്‍ (സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം) മാറ്റം വരുത്താത്തതാണ് കാരണം.

തിരുവനന്തപുരം ഡിവിഷനില്‍ പ്ലാറ്റ്‌ഫോം ടിക്കറ്റ് നല്‍കുന്നില്ല. കൊറോണ കാരണമാണ് പ്ലാറ്റ് ഫോം ടിക്കറ്റുകള്‍ ഒരുവര്‍ഷമായി നിര്‍ത്തിവച്ചത്. ചെന്നൈ, മുംബൈ, അഹമ്മദാബാദ് തുടങ്ങിയ മേഖലകളില്‍ പ്ലാറ്റ്‌ഫോം ടിക്കറ്റ് 50 രൂപയാക്കി നേരത്തേ നല്‍കിത്തുടങ്ങിയിട്ടുണ്ട്.