യാത്രക്കാരുടെ സുരക്ഷ; അടിയന്തിര സാഹചര്യങ്ങൾ നേരിടാന്‍ ട്രെയിനുകളില്‍ റെഡ് ബട്ടണ്‍ സംവിധാനം വേണമെന്ന് ഹൈക്കോടതി

കൊച്ചി: അടിയന്തിര സാഹചര്യങ്ങളില്‍ ഉപയോഗിക്കാന്‍ ട്രെയിനുകളില്‍ റെഡ് ബട്ടണ്‍ സംവിധാനം ഒരുക്കിക്കൂടെയെന്ന് ഹൈക്കോടതി. എല്ലാ കംമ്പാര്‍ട്ടുമെന്റു കളിലും ഇത്തരമൊരു അപായ സൂചന മാര്‍ഗ്ഗം ആവിഷ്‌ക്കരിച്ച് കൂടെയെന്ന് റെയില്‍ മന്ത്രാലയത്തോടും സംസ്ഥാന സര്‍ക്കാരിനോടും ഹൈക്കോതി ആരാഞ്ഞു.

കവര്‍ച്ച, ബലാത്സംഗം എന്നിവയില്‍ നിന്ന് രക്ഷപ്പെടാന്‍ വനിതാ യാത്രക്കാരിക്ക് ട്രെയിനില്‍ നിന്ന് ചാടേണ്ടിവന്നതിനെതിരെ കേരള ഹൈക്കോടതി സ്വമേധയാ ഫയല്‍ ചെയ്ത് കേസ് പരിഗണിക്കവേയാണ് കോടതി നിരീക്ഷണം.

സീനിയര്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സുമന്‍ ചക്രവര്‍ത്തിയാണ് ഓരോ കോച്ചിലും റെഡ് ബട്ടണ്‍ സംവിധാനം എന്ന ആശയം മുന്നോട്ട് വച്ചത്. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ഒരു ബട്ടണ്‍ അമര്‍ത്തുന്നതിലൂടെ യാത്രക്കാരന് ഗാര്‍ഡിനെയോ കണ്‍ട്രോള്‍ റൂമിനെയോ നേരിട്ട് ബന്ധപ്പെടാനുള്ള സംവിധാനം ആണ് ഉണ്ടാവേണ്ടത്. ഇത് പ്രാവര്‍ത്തികമാക്കേണ്ടത് റെയില്‍വേയാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന പോലീസ് മേധാവിയും ദക്ഷിണ റെയില്‍വേയുടെ പ്രിന്‍സിപ്പല്‍ ചീഫ് സെക്യൂരിറ്റി കമ്മീഷണറും യോഗം ചേര്‍ന്ന് കേരളത്തില്‍ റെയില്‍ യാത്രക്കാരുടെ സുരക്ഷിതമായ യാത്ര ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ നിര്‍ദ്ദേശിക്കണം. അത് 6 ആഴ്ചയ്ക്കുള്ളില്‍ കോടതിയില്‍ അറിയിക്കുകയും വേണമെന്നും കേസ് പരിഗണിച്ച ബെച്ചു കുര്യന്‍ തോമസ് നിര്‍ദ്ദേശിച്ചു. കേസില്‍ ദക്ഷിണ റെയില്‍വേ പ്രിന്‍സിപ്പല്‍ ചീഫ് സെക്യൂരിറ്റി കമ്മീഷണറെയും കോടതി കക്ഷി ചേര്‍ത്തു.