കൊറോണ വ്യാപനത്തിനിടയിൽ ആധുനിക ഗ്യാസ്​ ശ്​മശാനം; വികസന നേട്ടമെന്നോണം തിരുവനന്തപുരം മേയറുടെ പോസ്റ്റ്; വിവാദമായപ്പോൾ പിൻവലിച്ചു

തിരുവനന്തപുരം: കൊറോണ വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ യുദ്ധകാല അടിസ്ഥാനത്തിൽ ആധുനിക ഗ്യാസ്​ ശ്​മശാനം ഒരുക്കിയിട്ടുണ്ടെന്നത് വികസന നേട്ടമായി അവകാശപ്പെട്ട് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്ര​ൻ്റെ പോസ്​റ്റ്​. സംഭവം വിവാദമായതോടെ പോസ്​റ്റ്​ പിൻവലിച്ച് മേയർ പിൻ വാങ്ങി.

ഫേസ്​ബുക്കിൽ ചിത്രങ്ങളടക്കമാണ് വികസന നേട്ടമായി അറിയിച്ച് പോസ്​റ്റിട്ടത്​.​പോസ്​റ്റി​ൻ്റെ പൂർണരൂപം;

“രാജ്യത്ത്​ കോവിഡ്​ വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ തൈക്കാട്​ ശാന്തികവാടത്തിൽ യുദ്ധകാല അടിസ്ഥാനത്തിൽ നിർമാണം പൂർത്തീകരിച്ച ഗ്യാസ്​ ശ്​മശാനം ഇന്നലെ മുതൽ പ്രവർത്തനം ആരംഭിച്ചു. നിലവിൽ ശാന്തി കവാടത്തിൽ വൈദ്യൂതി, ഗ്യാസ്​, വിറക്​ എന്നീ സംവിധാനങ്ങളാണ്​ ശവസംസ്​ക്കാരത്തിനായി ഉള്ളത്​. “

പോസ്റ്റ് വന്നതോടെ ട്രോളർമാർ വിഷയം ഏറ്റെടുത്തു. വിവാദമായതോടെ മേയർ ആര്യയും പിൻവാങ്ങി.

കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷ​ൻ മുടവൻമുകൾ വാർഡിൽ നിന്ന് സിപിഎം സ്ഥാനാർഥിയായി മത്സരിച്ചാണ്​ 21ാം വയസിൽ ആര്യ കൗൺസിലറാകുന്നതും മേയറാകുന്നതും. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറെന്ന പദവിയും ആര്യക്കാണ്. മുതിർന്ന നേതാക്കളുടെ ശൈലിയിൽ അവകാശവാദങ്ങൾ ഉന്നയിക്കാൻ ആര്യ ശ്രമിച്ചത് മുമ്പും വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു.