ഡബിൾ മാസ്ക് അത്യാവശ്യം: രണ്ടു തുണി മാസ്‌കുകൾ അല്ല ഡബിൾ മാസ്ക്

തിരുവനന്തപുരം: കേരളത്തിൽ കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഡബിൾ മാസ്ക് ധരിക്കേണ്ടതുണ്ടെന്ന് ശാസ്ത്ര സ്ഥാപനങ്ങളുടെ പഠനം ആസ്പദമാക്കി മുഖ്യമന്ത്രി.

കേരളത്തിൽ കേസുകൾ കൂടി വരുന്ന അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. അതിനാൽ തന്നെ വിവിധ വിദേശ ശാസ്ത്ര സ്ഥാപനങ്ങളുടെ പഠനം നാം കാണേണ്ടതാണ്. കൊറോണ വിജയകരമായി പ്രതിരോധിച്ച പ്രദേശങ്ങളിൽ നടത്തിയ പഠനത്തിൽ ഇവിടങ്ങളിൽ മാസ്ക് വയ്ക്കണമെന്ന നിയമം കർശ്ശനമായി നടപ്പിലാക്കിയിരുന്നുവെന്ന് അവർ കണ്ടെത്തി.

മാസ്കുകളുടെ ശാസ്ത്രീയ ഉപയോഗം കൊറോണയെ തടയാൻ എത്രത്തോളം ഉപകാരപ്രദമാണ് എന്നതാണ് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്. വീടിന് പുറത്ത് എവിടെയും ഡബിൾ മാസ്ക് ഉപയോഗിക്കുന്നത് പ്രധാനമാണെന്ന് പലതവണ വ്യക്തമാക്കിയതാണ്. പ്രധാനപ്പെട്ട കാര്യമായതിനാൽ ഈ കാര്യം വീണ്ടും ഓർക്കുക ഡബിൾ മാസ്ക് എന്നത് രണ്ട് തുണി മാസ്ക് ധരിക്കുക എന്നതല്ല. ഒരു സർജിക്കൽ മാസ്ക് ധരിക്കുക എന്നതാണ്.

ഇത്തരത്തിൽ മാസ്കുകൾ ധരിക്കുകയും, കൈകൾ ഇടയ്ക്കിടയ്ക്ക് ശൂചീകരിക്കുന്നതും കൊറോണ രോഗബാധ തടയാൻ സഹായിക്കും. മാസ്ക് ധരിക്കുന്നതിൻ്റെ പ്രധാന്യം ജനങ്ങളെ ബോധവത്കരിക്കാൻ വ്യക്തികളും സംഘടനകളും മുന്നോട്ട് വരണം. സിനിമ സംസ്കാരിക രംഗത്തെ പ്രമുഖരും, മതമേലധ്യക്ഷന്മാരും, സാഹിത്യകാരന്മാരും, രാഷ്ട്രീയ നേതാക്കളും, മാദ്ധ്യമപ്രവർത്തകരും എല്ലാം ഇതിൻ്റെ ബോധവത്കരണത്തിന് മുന്നോട്ട് വരണം.

അത്തരത്തിലുള്ള ഇടപെടൽ നമ്മുടെ അയൽ രാജ്യമായ ബംഗ്ലദേശിൽ വലിയ മാറ്റം ഉണ്ടാക്കിയിട്ടുണ്ടെന്ന് പഠനങ്ങൾ വന്നിട്ടുണ്ട്. ഇത് നമുക്ക് മാതൃകയാകണം. ഓഫീസിടങ്ങളിലും, ജോലിസ്ഥലങ്ങളിലും മാസ്ക് ഉപയോഗിക്കുന്നതിൽ അലംഭാവം ഉണ്ടാകുന്നുണ്ട്.