കോട്ടയം ജനറൽ ആശുപത്രിയിൽ ഒറ്റ ദിവസം 15 പേർ കൊറോണ ബാധിച്ചു മരിച്ചെന്ന്‌ വാട്സാപ്പിൽ വ്യാജപ്രചാരണം ; സിഫ്എൽടിസി വോളന്റീയർ അറസ്റ്റിൽ

കോട്ടയം: ജനറൽ ആശുപത്രിയിൽ ഒറ്റ ദിവസം കൊണ്ട് 15 പേർ കൊറോണ ബാധിച്ചു മരിച്ചെന്ന്‌ വാട്സാപ്പിലൂടെ വ്യാജപ്രചാരണം നടത്തിയ ആൾ പോലീസ് പിടിയിലായി. കടുത്തുരുത്തി വെള്ളാശ്ശേരി കുന്നത്ത് ഹൗസിൽ ഗോപു രാജൻ (29 )ആണ് അറസ്റ്റിലായതെന്ന് ജില്ലാ പോലീസ് മേധാവി ഡി .ശില്പ ദേവയ്യ അറിയിച്ചു.

ഗോപു രാജൻ കടുത്തുരുത്തി സിഫ്എൽടിസിയിലെ വോളന്റീയർ ആയി പ്രവർത്തിച്ചു വരികയാണ്.ഇയാൾ നൻപൻ എന്ന വാട്സാപ്പ് ഗ്രൂപ്പ് വഴിയാണ് വ്യാജവാർത്ത പ്രചരിപ്പിച്ചത്. പോലീസ് കേസ് എടുത്തത് അറിഞ്ഞ് ഗോപു രാജൻ ഫോൺ സ്വിച്ച് ഓഫ് ചെയ്ത ശേഷം ഇന്ന് ജോലിക്ക് ഹാജരാകാതെ മാറിനിൽക്കുകയായിരുന്നു .

ഏപ്രിൽ 29 മുതലാണ് വാട്സാപ്പിൽ ഓഡിയോ സന്ദേശം വന്നത്. ജില്ലാ പോലീസ് മേധാവി ഡി .ശില്പ ദേവയ്യ ഐ.പി.എസിൻറെ നേതൃത്വത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ഷീൻ തറയിൽ, സൈബർ ക്രൈം പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഓ ബിനോജ്. തുടങ്ങിയവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.