കോട്ടയം: കറുകച്ചാലിലെ ബസ് ജീവനക്കാരന്‍ രാഹുലിന്റെ മരണം കൊലപാതകം തന്നെയെന്ന് പൊലീസ്. സുഹൃത്തിന്റെ കല്യാണത്തിന് സംഭാവന നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്.
രാഹുലിനെ ടിക്കറ്റ് മെഷീന്‍കൊണ്ട് തലയ്ക്കടിച്ച് കൊന്നത് സുഹൃത്തുക്കളായ വിഷ്ണു, സുനീഷ് എന്നിവരാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഇരുവരേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. സുഹൃത്തുക്കള്‍ക്കൊപ്പം സമയം ചെലവഴിച്ചിട്ട് ഉടന്‍ വീട്ടിലെത്തുമെന്ന് രാഹുല്‍ വെള്ളിയാഴ്ച്ച രാത്രി 7.30ന് ശേഷം ഭാര്യയെ ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നു.
ഏറെ വൈകിയിട്ടും രാഹുലിനെ കാണാതായതോടെ ഭാര്യ ഫോണ്‍ വിളിച്ച് അന്വേഷിച്ചപ്പോള്‍ മറുവശത്ത് തര്‍ക്കം നടക്കുന്ന ശബ്ദം കേട്ടത് കേസില്‍ നിര്‍ണ്ണായകമായി. രാഹുലിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന സംശയത്തില്‍ ബന്ധുക്കള്‍ ഉറച്ചുനിന്നതോടെയാണ് പ്രതികള്‍ പൊലീസ് വലയില്‍ വീണത്.
കഴിഞ്ഞ ശനിയാഴ്ച്ചയാണ് വീടിന് സമീപമുള്ള റോഡില്‍ നിര്‍ത്തിയിട്ട രാഹുലിന്റെ തന്നെ കാറിനടിയില്‍ നിന്നും രാഹുലിന്റെ ശരീരം കണ്ടെടുക്കുന്നത്. കാറിന്റെ തകരാര്‍ പരിഹരിക്കാനായി കാറിനടിയിലേക്ക് പോയ രാഹുലിന് പിന്നീട് തിരിച്ചിറങ്ങാന്‍ പറ്റാതെ അപകടത്തില്‍ പെടുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ ആദ്യം കരുതിയിരുന്നത്.
രാഹുലിന്റെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍ ബന്ധുക്കള്‍ കണ്ടെത്തിയതോടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് തെളിയുകയായിരുന്നു. രാഹുലിനെ തല്ലിക്കൊന്നശേഷം പ്രതികള്‍ ആത്മഹത്യയെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമം നടത്തിയതായും പൊലീസ് കണ്ടെത്തി.