കൊച്ചി: പുനലൂർ പാസഞ്ചർ ട്രെയിനിൽ വെച്ച് ബുധനാഴ്ച രാവിലെ യുവതിയെ ആക്രമിച്ച ആളെ തിരിച്ചറിഞ്ഞു. നൂറനാട് സ്വദേശി ബാബുക്കുട്ടനാണ് യുവതിയെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇയാൾക്കായി തിരച്ചിൽ തുടരുകയാണ്. നേരത്തെ പല കേസുകളിലും ഇയാൾ പ്രതിയായിരുന്നു. ഒരു കണ്ണിന് കാഴ്ച ശക്തിയില്ലാത്ത യാളാണെന്നുള്ള സൂചന നേരത്തെ യുവതി നൽകിയിരുന്നു. ഇതനുസരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞത്.
ഓടിക്കൊണ്ടിരുന്ന പുനലൂർ പാസഞ്ചറിൽ വെച്ചാണ് യുവതിക്ക് നേരെ ആക്രമണമുണ്ടായത്. മുളംതുരുത്തി സ്വദേശിനിയായ യുവതിയെയാണ് ഉപദ്രവിച്ചത്. കവർച്ചയ്ക്ക് ശേഷമായിരുന്നു ആക്രമണം.ട്രെയിനിൽ നിന്ന് എടുത്ത് ചാടിയ യുവതിയുടെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. പ്രതി ആദ്യം വളയും മാലയും ഊരി നൽകാൻ അവശ്യപ്പെട്ടെന്ന് പരുക്ക് പറ്റിയ യുവതി നൽകിയ മൊഴിയിൽ പറയുന്നു.
മാല പൊട്ടിച്ചെടുത്തെന്നും മൊബൈൽ ഫോൺ വലിച്ചെറിഞ്ഞെന്നും യുവതിയുടെ ഭർത്താവ് പറഞ്ഞു. ചെങ്ങന്നൂരിൽ വിദ്യാഭ്യാസ സ്ഥാപനത്തിലെ ജീവനക്കാരിയായ ഇവർ പുനലൂർ പാസഞ്ചറിലെ സ്ഥിരം യാത്രക്കാരിയാണ്. മുളംതുരുത്തി എത്തിയതോടെ ട്രെയിനിൽ കയറിയ പ്രതി രണ്ട് ഡോറുകളും അടച്ചു.
സ്ക്രൂ ഡ്രൈവർ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി മാലയും വളയും കൈക്കലാക്കിയ ശേഷം യുവതിക്ക് നേരെ കയ്യേറ്റ ശ്രമം തുടങ്ങിയതോടെയാണ് യുവതി ട്രെയിനിൽ നിന്ന് ചാടിയത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ യുവതിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.