വോട്ടെണ്ണല്‍ ദിനത്തിലെ ലോക് ഡൗണ്‍; ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: കൊറോണ വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വോട്ടെണ്ണല്‍ ദിനത്തില്‍ ലോക് ഡൗണ്‍ പ്രഖ്യാപിക്കണമെന്ന ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വോട്ടെണ്ണല്‍ ദിനമായ മെയ് രണ്ടിന് ആഹ്ലാദ പ്രകടനങ്ങള്‍ നടത്തുന്ന സാഹചര്യം ഉണ്ടാകുമെന്നും ഇത് രോഗ വ്യാപനത്തിന്റെ തിവ്രത വര്‍ദ്ധിപ്പിക്കുമെന്നും ചൂണ്ടികാട്ടിയാണ് ഹൈക്കോടതിയില്‍ പൊതു താല്‍പ്പര്യ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്.

ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരും ഇന്ന് നിലപാട് വ്യക്തമാക്കും. മെയ് ഒന്ന് അര്‍ധ രാത്രി മുതല്‍ രണ്ടാം തീയതി അര്‍ധ രാത്രി വരെ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം. ഹര്‍ജി നേരത്തെ ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി സര്‍ക്കാറിനോട് വിശദീകരണം തേടിയിരുന്നു. ഇലക്ഷന്‍ കമ്മിഷനെയും കേസില്‍ കോടതി കക്ഷി ചേര്‍ത്തിരുന്നു. കമ്മിഷനും കോടതിയില്‍ ഇന്ന് നിലപാട് അറിയിക്കും.

വോട്ടെണ്ണല്‍ ദിനത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ അണികളെ ഒഴിവാക്കണമെന്നും പൊതുജനങ്ങളെ വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ പരിസരങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്താനും ഇന്നലെ ചേര്‍ന്ന സര്‍വ്വകക്ഷി യോഗം തീരുമാനിച്ചിരുന്നു. അഭിഭാഷകനായ വിനോദ് മാത്യു വില്‍സനാണ് ലോക് ഡൗണ്‍ ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്.