കൊറോണ ചികിത്സയിലിരിക്കെ ഓക്സിജൻ കിട്ടാതെ മരിച്ച മലയാളി യുവാവിൻ്റെ നാട്ടിലെത്തിയ മാതാവും കൊറോണ മൂലം മരിച്ചു

ചാലക്കുടി: മധ്യപ്രദേശിൽ കൊറോണ ബാധിച്ച്​ ചികിത്സയിലിരിക്കെ ഓക്സിജൻ കിട്ടാതെ മരിച്ച മലയാളി യുവാവിൻ്റെ നാട്ടിലെത്തിയ മാതാവും കൊറോണ മൂലം മരിച്ചു. പരിയാരം തൂമ്പാക്കോട് നമ്പളൻ ജോസിന്‍റെ ഭാര്യ റാണി (63)യാണ് മരിച്ചത്. ഇവരുടെ മൂത്തമകൻ ജോമോൻ (34) മദ്ധ്യപ്രദേശിൽ ശനിയാഴ്ചയാണ് മരിച്ചത്.

ജോമോനൊപ്പമായിരുന്നു അമ്മ റാണിയും പിതാവ്​ ജോസും താമസിച്ചിരുന്നത്​. കൊറോണ രൂക്ഷമായതോടെ ഇളയ മകൻ റിജോ മധ്യപ്രദേശിലെത്തി ഇരുവരെയും ട്രെയിൻ മാർഗം നാട്ടിലെത്തിച്ചു. ഞായറാഴ്ച രാവിലെ നാട്ടിലെത്തിയ ഇവർ തുമ്പാക്കോട് വാടക വീട്ടിൽ താമസിക്കുകയായിരുന്നു. ഞായറാഴ്ച രാത്രിയിലാണ് റാണി മരിച്ചത്. നാട്ടിൽ വന്ന ഉടൻ നടത്തിയ കൊറോണ ടെസ്റ്റിന്‍റെ റിസൾട്ട്​ ഇന്നാണ്​ വന്നത്​. ഇരുവർക്കും കൊറോണ സ്ഥിരീകരിച്ചിരുന്നു.

റാണിയും ജോസും രണ്ട് വർഷം മുൻപാണ് മധ്യപ്രദേശിൽ ജോലി ചെയ്യുന്ന മൂത്ത മകൻ ജോമോന്‍റെ വീട്ടിലേക്ക് പോയത്. മധ്യപ്രദേശ്​ സ്വദേശിനിയാണ്​ ജോമോന്‍റെ ഭാര്യ. ഒരു കുട്ടിയുണ്ട്. കുറച്ചു ദിവസം മുൻപാണ് ജോമോന്​ കൊറോണ ബാധിച്ചത്. വിവരമറിഞ്ഞ ഇളയ മകൻ റിജോ പിതാവിനെയും അമ്മയെയും രക്ഷപ്പെടുത്താൻ തിരക്കിട്ട് മധ്യപ്രദേശിലെത്തുകയായിരുന്നു. വെള്ളിയാഴ്ച അവരെ നാട്ടിലേക്ക് ട്രെയിൻ കയറ്റി വിട്ടു.

ശനിയാഴ്ച കൊറോണ ചികിത്സയ്ക്കിടെ ഓക്സിജൻ ലഭിക്കാതെ ജോമോൻ മധ്യപ്രദേശിലെ ആശുപത്രിയിൽ മരണപ്പെടുകയായിരുന്നു. സഹോദരന്‍റെ ഭൗതിക അവശിഷ്ടം കൊണ്ടുവരാൻ കാത്തു നിൽക്കുന്നതിനാൽ റിജോ നാട്ടിലെത്തിയിട്ടില്ല. റാണിയുടെ മൃതദേഹം ചാലക്കുടി നഗരസഭ ശ്മശാനത്തിൽ ദഹിപ്പിക്കും. അതിന് ശേഷം തൂമ്പാക്കോട് പള്ളിയിൽ സംസ്കരിക്കും