വൈഗയുടെ കൊലപാതകം; നിർണായക തെളിവായ രക്തക്കറ കാർ കഴുകിയതോടെ നഷ്ടമായി; സനു മോഹനെ നാളെ തിരികെ കൊണ്ടുവരും

കൊച്ചി: വൈഗ കൊലപാതകക്കേസിലെ നിർണായക തെളിവായ സനു മോഹൻ്റെ കാറിലെ രക്തക്കറ കാർ കഴുകിയതോടെ നഷ്ടമായെന്ന് അന്വേഷണ സംഘത്തിൻ്റെ വിലയിരുത്തൽ. പ്രതി സനു മോഹൻ കോയമ്പത്തൂരിൽ വിറ്റ കാർ കഴുകിയതോടെ രക്തക്കറ മാഞ്ഞു. എന്നാൽ കാറിൻ്റെ സീറ്റിലൊരു ഭാഗത്ത് രക്തക്കറയുടേതെന്ന് തോന്നുന്ന അടയാളം കണ്ടെത്തിയിട്ടുണ്ട്.
കോയമ്പത്തൂരിൽ നിന്ന് കണ്ടെടുത്ത കാർ തൃക്കാക്കരയിലെത്തിച്ചാണ് പരിശോധന നടത്തിയത്. സനു മോഹനെ നാളെ വീണ്ടും കേരളത്തിലെത്തിച്ച് തെളിവെടുക്കും.

അബോധാവസ്ഥയിലാക്കിയ വൈഗയെ മുട്ടാർ പുഴയിൽ തള്ളാൻ കൊണ്ടുപോയത് കാറിൻ്റെ പിൻസീറ്റിൽ കിടത്തിയാണ്. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുമ്പോൾ വൈഗയുടെ മൂക്കിൽ നിന്ന് രക്തം വാർന്നിരുന്നു. രക്തക്കറയും, മുടിനാരുകളും ഉൾപ്പെടെയുള്ള തെളിവുകൾ തേടിയാണ് പോലീസും, ഫോറൻസിക് വിദഗ്ധരും കാർ പരിശോധിച്ചത്. എന്നാൽ കാർ വാങ്ങിയവർ ഷാംമ്പുവാഷ് ചെയ്തതാണ് തെളിവുകൾ കാര്യമായി അവശേഷിക്കാതിരിക്കാൻ കാരണം.

ഗോവ, കൊല്ലൂർ,കാർവാർ, കാർവാർ ബീച്ച് എന്നിവിടങ്ങളിലെ തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം അന്വേഷണ സംഘം നാളെ തിരിച്ചെത്തും. തുടർന്ന് സനു മോഹനുമായി ആലപ്പുഴയിലെ ബന്ധുവീടുകളിലുൾപ്പെടെ എത്തിച്ച് തെളിവെടുക്കും.

വ്യാഴാഴ്ച വൈകീട്ട് നാലു വരെയാണ് കോടതി പോലീസ് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. തുടർന്ന് പൂനെ പോലീസും സനുവിനെ കസ്റ്റഡിയിൽ വാങ്ങിയേക്കും. സാമ്പത്തിക തട്ടിപ്പുകളുമായി ബന്ധപ്പെട്ടാണിത്. പൂനെയിലെ സ്റ്റീൽ കമ്പനിക്ക് സനു മോഹൻ മൂന്ന് കോടി നൽകാനുണ്ട്. പൂനെയിൽ ഇയാൾക്കെതിരെ രണ്ട് കേസുകളുണ്ട്