ആളും ആരവങ്ങളുമില്ലാതെ തൃശ്ശൂര്‍ പൂരം ഇന്ന്

തൃശ്ശൂര്‍ : കൊറോണ വ്യപനത്തിന്റെ പശ്ചാത്തലത്തില്‍ ആളും ആരവങ്ങളും ഇല്ലാതെ തൃശ്ശൂര്‍ പൂരം ഇന്ന്. രാവിലെ ഏഴ് മണിയോടെ കണിമംഗലം ശാസ്താവ് പൂരപ്പറമ്പിലെഴുന്നള്ളി പൂരത്തെ വിളിച്ചുണര്‍ത്തി. പിന്നാലെ ഘടക പൂരങ്ങളുടെ വരവ് .

നിയന്ത്രണങ്ങളെ തുടര്‍ന്ന് ഇത്തവണ ഒരാനപ്പുറത്ത് ആണ് ഘടക പൂരങ്ങള്‍ എത്തുന്നത്. ഇന്നലെ നെയ്തലക്കാവിലമ്മയുടെ തിടമ്പുമായി തെക്കെ ഗോപുര നട തുറന്ന് പൂര വിളംബരം നടത്തിയിരുന്നു. ഇലഞ്ഞിത്തറ മേളം ഉണ്ടാവുമെങ്കിലും കുടമാറ്റവും എഴുന്നള്ളിപ്പും ഉള്‍പ്പെടെയുള്ളവ ചടങ്ങുകള്‍ മാത്രമായിരിക്കും. നാളെ രാവിലെ ഒന്‍പതിന് ശ്രീമൂലസ്ഥാനത്ത് പൂരം വിടചൊല്ലിപ്പിരിയും

പാസ് ലഭിച്ച സംഘാടകര്‍ക്ക് മാത്രമെ പൂരത്തിന് പങ്കെടുക്കാനാവുകയുള്ളു. തിരുവമ്പാടിക്കും പാറമേക്കാവിനും നിശ്ചിത അംഗങ്ങളെ മാത്രമെ പങ്കെടുപ്പിക്കാന്‍ കഴിയൂ. എട്ട് ഘടക ക്ഷേത്രങ്ങളില്‍ നിന്നും 50 പേരെ വീതം പങ്കെടുപ്പിക്കാം. എന്നാല്‍ പങ്കെടുക്കുന്നവര്‍ക്ക് കൊറോണ പരിശോധന നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.

പൊതു ജനങ്ങള്‍ പൂരം കാണാന്‍ നവ മാധ്യമങ്ങളോ ടിവിയെ തിരഞ്ഞെടുക്കണമെന്നാണ് നിര്‍ദ്ദേശം. കാണികള്‍ക്കു പ്രവേശനം കര്‍ശനമായി നിരോധിച്ചിട്ടുള്ളതിനാല്‍ നഗരത്തിലേക്കുള്ള വഴികള്‍ പൊലീസ് അടയ്ക്കും.