ചെന്നൈ: നരബലി നൽകിയാൽ ‘ശിവശക്തി’ കിട്ടുമെന്ന അന്ധവിശ്വാസത്തിൽ രണ്ട് ആൺമക്കളെ നരബലി നൽകാൻ പദ്ധതിയിട്ട മാതാപിതാക്കൾ ഉൾപ്പെടെ അഞ്ചുപേരെ ഈറോഡ് പൊലീസ് അറസ്റ്റ് ചെയ്തു. വസ്ത്രവ്യാപാരിയായ ഈറോഡ് പുളിയംപട്ടി സുന്ദരംവീഥി രാമലിംഗം (43), ഭാര്യ രഞ്ജിത (36), ഇവരോടൊപ്പം താമസിച്ചിരുന്ന ഇന്ദുമതി (32), ധനലക്ഷ്മി എന്ന ശശി (39), സഹായി സേലം എടപ്പാടി മാരിയപ്പൻ (42) എന്നിവരാണ് പ്രതികൾ.
രാത്രികാലങ്ങളിൽ ഇവർ മന്ത്രവാദ പൂജകൾ നടത്തിയിരുന്നു. രാമലിംഗം-രഞ്ജിത ദമ്പതികളുടെ 15ഉം ആറും വയസ്സുള്ള രണ്ട് മക്കളെയാണ് നരബലി നൽകാൻ സംഘം പദ്ധതിയിട്ടിരുന്നത്. കുട്ടികളെ ശരീരത്തിൽ പൊള്ളലേൽപിച്ചും ജനനേന്ദ്രിയങ്ങളിൽ മുളകുപൊടി തേച്ചും മറ്റും പീഡനത്തിന് വിധേയമാക്കിയിരുന്നു. ഭക്ഷണം നൽകാതെ പട്ടിണിക്കിട്ട് മുറിയിൽ അടച്ചിട്ടിരിക്കുകയായിരുന്നു.
നരബലി നൽകിയാൽ ‘ശിവശക്തി’ കിട്ടുമെന്ന് ധനലക്ഷ്മി രഞ്ജിതയോട് പറയുന്നതുകേട്ട് കുട്ടികൾ വീട്ടിൽനിന്ന് രക്ഷപ്പെട്ട് മുത്തശ്ശി ഭാഗ്യത്തിൻ്റെ വീട്ടിൽ അഭയംതേടുകയായിരുന്നു. പിന്നീട് ഭാഗ്യം ഏപ്രിൽ 13ന് ഈറോഡ് താലൂക്ക് പൊലീസിൽ പരാതി നൽകിയതോടെ പ്രതികൾ മുങ്ങി. ചൊവ്വാഴ്ച രാത്രി പെരുന്തുറക്ക് സമീപം കാറിൽ യാത്രചെയ്തിരുന്ന പ്രതികൾ പൊലീസ് പിടിയിലാവുകയായിരുന്നു.