സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ; ശനി ഞായർ ദിവസങ്ങളിൽ അവശ്യ സർവീസുകൾ മാത്രം; സർക്കാർ ഓഫീസുകളിൽ പകുതി ജീവനക്കാർ മതി

തിരുവനന്തപുരം: കൊറോണ വ്യാപനം രൂക്ഷമാകുന്നതിനിടെ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനം. സർക്കാർ ഓഫീസുകളിൽ പകുതി പേർ ജോലിക്കെത്തിയാൽ മതിയെന്നും വിദ്യാഭ്യാസം ഓൺലൈനിലൂടെ മാത്രം മതിയെന്നും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നത തലയോഗത്തിൽ തീരുമാനമായി. വാക്സീൻ വിതരണത്തിന് ഓൺലൈൻ രജിസ്ട്രേഷൻ ഏർപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.

അതേ സമയം കണ്ടൈൻമെന്റ് സോണിന് പുറത്തുള്ള സാധാരണ കടകൾ 9 വരെ പ്രവർത്തിക്കാനനുവദിക്കാനും തീരുമാനമായി. നേരത്തേ വിവാഹം, ഗൃഹപ്രവേശം, മരണാനന്തര ചടങ്ങളുകൾ ഉൾപ്പെടെയുള്ളവയ്ക്ക് അനുമതി തേടി കൊറോണ ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്തവർക്ക് അനുമതി നൽകും. പുതിയതായി രജിസ്റ്റർ ചെയ്യുന്നവർക്ക് അനുമതി ഉണ്ടായിരിക്കില്ല.

വിദ്യാർത്ഥികൾക്കായി ഓൺലൈൻ ക്ലാസുകൾ മാത്രമായിരിക്കും നടക്കുക. ട്യൂഷൻ ക്ലാസുകൾ പ്രവർത്തിക്കുന്നത് കർശനമായി നിയന്ത്രിക്കും. ഹോസ്റ്റലുകളിൽ കൊറോണ മാർഗ നിർദേശങ്ങൾ പാലിക്കണം. കൊറോണ പ്രതിരോധത്തിന് വാർഡുതല സമിതികളെ ഉപയോഗിക്കാനും തീരുമാനിച്ചു.

ബീച്ചുകളിലും പാർക്കുകളിലും കൊറോണ മാനദണ്ഡങ്ങൾ പാലിക്കുന്നതിന് പൊലീസിന്റെ കർശന നിരീക്ഷണം ഉണ്ടാകും. അതിഥി തൊഴിലാളികൾക്ക് വേണ്ടി പ്രത്യേകം വാക്‌സിനേഷൻ ക്യാമ്പ് നടത്തും.

പ്രതിരോധവും നിയന്ത്രണവും ക‍ർശനമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് കൂടുതൽ സെക്ടറൽ ഓഫീസർമാരെയും പോലീസിനെയും വിന്യാസിക്കാൻ നേരത്തെ തന്നെ തീരുമാനിച്ചിട്ടുണ്ട്. കൊറോണ പോസിറ്റീവ് ആകുന്നവർ, അവരുമായി സമ്പർക്കത്തിൽ വന്നവർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്നവർ എന്നിവരെ കൃത്യമായി നിരീക്ഷിക്കണമെന്നാണ് സർക്കാർ നയം.

കൊറോണ വ്യാപന തീവ്രത കുറയ്ക്കാൻ ലക്ഷ്യമിട്ട് നടത്തുന്ന വാക്സിനേഷൻ കൂടുതൽ കാര്യക്ഷമമാക്കാൻ 50 ലക്ഷം ഡോസ് വാക്‌സീൻ കേന്ദ്രത്തോട് ആവശ്യപെട്ടിട്ടുണ്ട്. തിരുവനന്തപുരം മേഖലയ്ക്ക് രണ്ടരലക്ഷം ഉൾപ്പെടെ അഞ്ചരലക്ഷം വാക്സീൻ നൽകുമെന്ന അറിയിപ്പാണ് കിട്ടിയിട്ടുള്ളത്.

ടെസ്റ്റ് പൊസിറ്റിവിറ്റി കൂടിയ ജില്ലകളിൽ കൂടുതൽ വാക്സീൻ നൽകാനാണ് ലക്ഷ്യം. അതേസമയം നിലവിൽ മൂന്ന് ലക്ഷത്തിൽ താഴെ വാക്സീൻ മാത്രമാണ് സ്റ്റോക്ക് ഉള്ളത്. നിലവിലെ സാഹചര്യം തുടർന്നാൽ ഈ മാസം മുപ്പതോടെ പ്രതിദിന കൊറോണ രോഗികളുടെ എണ്ണം അൻപതിനായിരത്തിലേക്ക് ഉയരുമെന്നാണ് കോർ കമ്മിറ്റി യോഗത്തിൻ്റെ വിലയിരുത്തൽ. രണ്ട് ദിവസം കൊണ്ട് മൂന്ന് ലക്ഷം പേരെ പരിശോധിക്കാനുള്ള കൂട്ടപ്പരിശോധന സംസ്ഥാനത്ത് തുടങ്ങിയിട്ടുണ്ട്.