ഇന്നു മുതൽ കടുത്ത നിയന്ത്രണങ്ങൾ; കൊറോണ മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരെ കർശനനടപടി

തിരുവനന്തപുരം: കൊറോണ രണ്ടാംവരവിൽ പ്രതിദിനം കുതിച്ചുയരുന്ന വ്യാപനം പ്രതിരോധിക്കാൻ രണ്ടാഴ്ചത്തേക്ക് രാത്രികാല കർഫ്യു ഉൾപ്പെടെ കേരളം കൂടുതൽ കടുത്ത നിയന്ത്രണങ്ങളിലേക്ക്. രാത്രി 9 മുതൽ രാവിലെ 5 വരെയുള്ള കർഫ്യു ഇന്ന് നിലവിൽ വരും. വരും ദിവസങ്ങളിൽ സ്ഥിതിഗതി വിലയിരുത്തി നിയന്ത്രണങ്ങളിൽ മാറ്റം വരുത്തുന്നത് പരിഗണിക്കും.

കൊറോണ മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നിയമനടപടിയുണ്ടാകും. രോഗികളെ ചികിത്സാകേന്ദ്രങ്ങളിൽ പ്രവേശിപ്പിച്ചും അവരുമായി സമ്പർക്കമുണ്ടായവരെ ക്വാറന്റൈനിലാക്കിയും മറ്റുള്ളവരുടെ സഞ്ചാരം നിയന്ത്രിച്ചും മേയ് മാസത്തിനു മുമ്പ് വ്യാപനത്തോത് കുറയ്ക്കുകയാണ് ലക്ഷ്യം.സംസ്ഥാനത്തെ സങ്കീർണ സാഹചര്യം വിലയിരുത്താൻ ഇന്നലെ ചീഫ് സെക്രട്ടറി വി.പി. ജോയി വിളിച്ച അടിയന്തര ഉന്നതതല യോഗത്തിലാണ് തീരുമാനം.

രാത്രി കർഫ്യൂ സമയത്ത് അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുത്.വ്യാപാര, വാണിജ്യ സ്ഥാപനങ്ങൾ പ്രവര്‍ത്തിക്കരുത്. സ്വകാര്യ, സർക്കാർ സ്ഥാപനങ്ങൾക്കും ബാധകം.വാഹന ഗതാഗതം നിയന്ത്രിക്കും.പൊതുഗതാഗതത്തിന് ബാധകമല്ല. മറ്റു നിയന്ത്രണം സിനിമ തിയേറ്ററുകളും മാളുകളും വൈകുന്നേരം ഏഴ് വരെ. പകൽ സമയത്തും ജനത്തിരക്ക് നിയന്ത്രിക്കും. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ വർക്ക് ഫ്രം ഹോം നടപ്പാക്കണം ഇത് വകുപ്പ് മേധാവികൾക്ക് നിശ്ചയിക്കാം.