കൊച്ചി: ബന്ധു നിയമന വിവാദത്തില്‍ കെ.ടി ജലീലിന് എതിരെയുളള ലോകായുക്ത ഉത്തരവ് ഹൈക്കോടതി ശരിവച്ച് ജലീലിൻ്റെ ഹർജി തള്ളി. ലോകായുക്ത എല്ലാ ചട്ടങ്ങളും പാലിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നതെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. എല്ലാ രേഖകളും പരിശോധിച്ച് ലോകായുക്ത പുറപ്പെടുവിച്ച ഉത്തരവിൽ ഇടപെടേണ്ടതില്ലെന്ന് നിലപാടെടുത്ത ഹൈക്കോടതി ജലീലിന്‍റെ ഹർജി തള്ളുകയായിരുന്നു.
ജസ്റ്റിസ് പി.ബി. സുരേഷ് കുമാറും ജസ്റ്റിസ് കെ. ബാബുവും അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിധിപറഞ്ഞത്. കഴിഞ്ഞ ചൊവ്വാഴ്ച ഹർജിയിൽ വാദം കേൾക്കുന്നതിനിടയിലാണ് ജലീൽ മന്ത്രിസ്ഥാനം രാജിവെച്ചത്.
ജലീലിന്‍റെ ഹർജിയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ടുള്ള നിലപാടാണ് സംസ്ഥാനസർക്കാർ ഹൈക്കോടതിയിൽ സ്വീകരിച്ചത്. നടപടി ക്രമങ്ങൾ പാലിക്കാതെയാണ് ലോകായുക്ത ഉത്തരവ് പുറപ്പെടുവിച്ചതെന്നായിരുന്നു സർക്കാർ കോടതിയിൽ പറഞ്ഞത്. ചട്ടങ്ങൾ പാലിക്കാതെയാണ് ലോകായുക്ത ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നതെന്നാണ് എജി സർക്കാരിന് നൽകിയ നിയമോപദേശം.
ലോകായുക്ത ആക്ട് സെക്ഷൻ 9 പ്രകാരമുള്ള നടപടി ക്രമങ്ങൾ പാലിച്ചിട്ടില്ലെന്നും നിയമോപദേശത്തിൽ എജി പറയുന്നു. പരാതി ലഭിച്ചാൽ അന്വേഷണത്തിന് മുമ്പ് എതിർകക്ഷിക്ക് പരാതിയുടെ പകർപ്പ് നൽകണമെന്നാണ് ഈ ചട്ടം അനുശാസിക്കുന്നത്. ജലീലിന് പരാതിയുടെ പകർപ്പ് നൽകിയത് അന്തിമ ഉത്തരവിന് ഒപ്പമെന്നും ഇത് നിലനിൽക്കില്ലെന്നും എജി നിയമോപദേശത്തിൽ നിരീക്ഷിച്ചിരുന്നു. ഇതേ വാദങ്ങളാണ് കെ ടി ജലീൽ കോടതിയിലും ഉന്നയിച്ചത്
ബന്ധുനിയമന വിഷയത്തിൽ ജലീൽ സ്വജനപക്ഷപാതവും അധികാരദുർവിനിയോഗവും നടത്തിയെന്നും മന്ത്രി സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നുമായിരുന്നു ലോകായുക്ത നിരീക്ഷണം. ലോകയുക്തയുടെ ഉത്തരവിൽ ഇന്ന് വിധി പറഞ്ഞ കോടതി യാതൊരു പിശകുമില്ലെന്ന് ചൂണ്ടിക്കാട്ടുകയായിരുന്നു. ലോകായുക്ത എല്ലാ വശങ്ങളും പരിശോധിച്ചു. വിധിയിൽ ഇടപെടാൻ കാരണങ്ങളില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
ബന്ധുവായ കെ.ടി. അദീബിന് ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനിൽ ജനറൽ മാനേജർ തസ്തികയിൽ ഡെപ്യൂട്ടേഷനിൽ നിയമനത്തിനായി ഇടപെട്ടതാണ് ജലീലിന് വിനയായത്. തസ്തികയുടെ യോഗ്യത അദീബിന്റെ യോഗ്യതയ്ക്ക് അനുസൃതമായി മാറ്റാൻ മന്ത്രി നിർദേശിച്ചു എന്നതായിരുന്നു ആരോപണം.
നിയമനത്തിനുപിന്നാലെ യൂത്ത് ലീഗ് സംസ്ഥാന ജനറൽസെക്രട്ടറി പി.കെ. ഫിറോസാണ് മന്ത്രിക്കെതിരേ ആരോപണവുമായി വന്നത്. തുടർന്ന് അദീബ് ഡെപ്യൂട്ടേഷൻ അവസാനിപ്പിച്ച് മാതൃസ്ഥാപനത്തിലേക്കുമടങ്ങുകയും ചെയ്തു.