തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് 75 മുതല്‍ 81 വരെ സീറ്റു വരെ കിട്ടുമെന്ന് കോണ്‍ഗ്രസ് നേതൃയോഗത്തില്‍ വിലയിരുത്തല്‍. ഡിസിസി പ്രസിഡന്റുമാര്‍ നല്‍കിയ കണക്കുകളുടെ അടിസ്ഥാനത്തിലാണ്, ഉറപ്പായും ഭരണം ലഭിക്കുമെന്ന കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. ഓണ്‍ലൈനായാണ് യോഗം ചേര്‍ന്നത്.
ഇരുപതോളം മണ്ഡലങ്ങളില്‍ ഇരുമുന്നണികളും ഒപ്പത്തിനൊപ്പമാണ്. ഇതില്‍ പകുതിയെങ്കിലും ജയിച്ചാല്‍ മികച്ച ഭൂരിപക്ഷം ലഭിക്കുമെന്നും കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു.
നേമം, നെടുമങ്ങാട്, കഴക്കൂട്ടം, പത്തനാപുരം, , ചടയമംഗലം, കാഞ്ഞിരപ്പള്ളി, കളമശേരി, ചേലക്കര, ഒറ്റപ്പാലം, ചിറ്റൂര്‍, നെന്മാറ തുടങ്ങിയ മണ്ഡലങ്ങളില്‍ ഇരുമുന്നണികള്‍ക്കും ഒപ്പത്തിനൊപ്പമാണ് സാധ്യത. വടകരയിലും പാലായിലും യുഡിഎഫ് ജയിക്കുമെന്നും പാര്‍ട്ടി കണക്കുകൂട്ടുന്നു.
തിരുവനന്തപുരത്ത് ഏഴു സീറ്റില്‍ ജയം ഉറപ്പാണെന്നാണ് ഡിസിസി നല്‍കിയ കണക്ക്. കൊല്ലം-5, ആലപ്പുഴ-5, പത്തനംതിട്ട-3, കോട്ടയം- 5, എറണാകുളം- 11, ഇടുക്കി- 4, തൃശൂര്‍- 5, പാലക്കാട്- 5, മലപ്പുറം- 15, കോഴിക്കോട്- 5, വയനാട്- 2, കണ്ണൂര്‍-4, കാസര്‍കോട്-2 എന്നിങ്ങനെയാണു കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്ന സീറ്റുകള്‍. ഈ 78നു പുറമേ മൂന്നു സീറ്റുകള്‍ കൂടി നേടി 80 കടക്കുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.