കുപ്പിവെള്ളം ഇനി വെയിലേൽക്കുന്നിടത്ത് വെച്ചാൽ നടപടി; ഭക്ഷ്യ വകുപ്പ്

തൃശ്ശൂർ: വെയിലേൽക്കുന്നിടത്ത് പ്ലാസ്റ്റിക് കുപ്പികളിലാക്കിയ കുടിവെള്ളവും പാനീയങ്ങളും വിൽപ്പനയ്ക്ക് വെച്ചാൽ അവ പിടിച്ചെടുത്ത് നശിപ്പിക്കുമെന്ന് ഭക്ഷ്യ വകുപ്പ്. പ്ലാസ്റ്റിക് കുപ്പിയിലെ പാനീയങ്ങളും കുടിവെള്ളവും സൂര്യപ്രകാശമേറ്റ് രാസമാറ്റമുണ്ടായി വിഷമയമാകുന്നത് കണക്കിലെടുത്താണ് നടപടി. ഇത് സംബന്ധിച്ച് വകുപ്പ് എല്ലാ വ്യാപാരികൾക്കും നോട്ടീസ് നൽകി.

കൊടും ചൂടുകാലത്ത് കുപ്പിവെള്ളത്തിന്റെ വിൽപ്പനയിൽ വൻ വർധനയുണ്ടാകാറുണ്ട്. ജലജന്യരോഗങ്ങൾ കൂടുന്നതും ഇക്കാലത്താണ്. കൊറോണ വ്യാപനം രൂക്ഷമായ കാലമായതിനാൽ ആശുപത്രികളിൽ മറ്റ് ചികിത്സകൾക്കുള്ള സൗകര്യം പരിമിതമാണ്. ഇത് കണക്കിലെടുത്താണ് പ്ലാസ്റ്റിക് കുപ്പികളിലെ വെള്ളവും പാനീയങ്ങളും വഴി വരുന്ന രോഗങ്ങൾക്ക് തടയിടാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് ശക്തമായ നടപടികളുമായി എത്തിയിരിക്കുന്നത്.

ഭക്ഷണശാലകളിൽ വിതരണം ചെയ്യുന്ന കുടിവെള്ളം പരിശോധിച്ച് സുരക്ഷ ഉറപ്പാക്കിയതാണെന്ന സർട്ടിഫിക്കറ്റ് കരുതണം. കുടിവെള്ളം പുറത്ത് നിന്ന് വാങ്ങുന്ന ഹോട്ടലുകളും റെസ്റ്റോറന്റുകളും ആ വിവരം രജിസ്റ്ററിൽ രേഖപ്പെടുത്തണം. കുടിവെള്ളം എത്തിച്ച ലോറിയുടെ നമ്പർ, ലൈസൻസ് സർട്ടിഫിക്കറ്റ്, കുടിവെള്ള പരിശോധനാ സർട്ടിഫിക്കറ്റ് എന്നിവ സൂക്ഷിക്കണം.

കുടിവെള്ളം വിതരണം ചെയ്യുന്ന ലോറികളിൽ വെള്ളം പരിശോധിച്ചതിന്റെ റിപ്പോർട്ടും വെള്ളം എവിടെ നിന്നാണ് ശേഖരിച്ചതെന്ന വിവരവും സൂക്ഷിക്കണം.