നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി മികച്ച വിജയം നേടുമെന്ന് എ വിജയരാഘവൻ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി മികച്ച വിജയം നേടുമെന്ന് സിപിഎം ആക്ടിങ് സെക്രട്ടറിയും എൽഡിഎഫ് കൺവീനറുമായ എ വിജയരാഘവൻ. ഘടകകക്ഷികൾ ഐക്യത്തോടെയാണ് തെരഞ്ഞെടുപ്പ് അഭിമുഖീകരിച്ചത്. ഇടതു സർക്കാർ നടത്തിയ മികച്ച ഭരണത്തിന് വലിയ ജനകീയ അംഗീകാരം ലഭിക്കുമെന്നാണ് വിലയിരുത്തൽ.

കാനം രാജേന്ദ്രന്റെ അധ്യക്ഷതയിലാണ് ഇടതുമുന്നണി യോഗം ചേർന്നത്. രാജ്യസഭാ തെരഞ്ഞെടുപ്പും, നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള രാഷ്ട്രീയ സാഹചര്യവും ചർച്ചയായി. എൽഡിഎഫിന്റെ പ്രവർത്തനങ്ങളോട് നിഷേധാത്മക സമീപനം നടത്തിയ യുഡിഎഫ് വലിയ തോതിൽ മുഖ്യമന്ത്രിയെ അധിക്ഷേപിക്കുകയും ചെയ്തുവെന്ന് യോഗം വിലയിരുത്തി.

തെരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷ നേതാവ് തരംതാണ പ്രസ്താവനകൾ ആവർത്തിച്ച് നടത്തുന്നു. ഇത്തരം പ്രസ്താവനകളുടെ അനുരണനമാണ് കേന്ദ്ര സഹമന്ത്രി വി മുരളീധരന്റെ പ്രസ്താവനയിലും കാണുന്നത്. ഒരേ വാക്കുപയോഗിച്ച് രണ്ട് പേരും മുഖ്യമന്ത്രിയെ കടന്നാക്രമിക്കുന്നു. കേരളത്തിലെ ജനപിന്തുണ ഇത്തരം തെറ്റായ സമീപനങ്ങൾക്ക് ലഭിക്കില്ലെന്ന് ഇടതു മുന്നണി യോഗത്തിൽ അഭിപ്രായമുയർന്നു.