അനധികൃത സ്വത്ത് സമ്പാദനക്കേസ്; ചോദ്യം ചെയ്യലിന് ഹാജരാകാൻ കെ എം ഷാജിക്ക് വിജലൻസിൻ്റെ നോട്ടീസ്

കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ വിശദമായ ചോദ്യം ചെയ്യലിന് ഹാജരാകാൻ മുസ്ലീംലീഗ് എംഎൽഎ കെ.എം ഷാജിക്ക് വിജലൻസിൻ്റെ നോട്ടീസ്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ചാണ് വിജിലൻസ് ഷാജിയ്ക്ക് നോട്ടീസ് നൽകിയത്. കോഴിക്കോട് മാലൂർ കുന്നിലേയും കണ്ണൂർ ചാലാടിലേയും വീടുകളിൽ നിന്ന് കണ്ടെത്തിയ അരക്കോടി രൂപയുടെ കണക്കും ഉറവിടവും വിജിലൻസിന് മുന്നിൽ ഷാജി ഹാജരാക്കേണ്ടി വരും.
ഏപ്രിൽ 12ന് കെ. എം ഷാജിയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ അരക്കോടി രൂപയാണ് വിജിലൻസ് കണ്ടെത്തിയത്.

ഭൂമി ഇടപാടിനുളള തുകയാണ് കണ്ടെത്തിയതെന്നായിരുന്നു ഷാജിയുടെ വിശദീകരണം. ഇതുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ രണ്ട് ദിവസവും ഷാജി ആവശ്യപ്പെട്ടിരുന്നു. 2012 മുതൽ -2011 വരെയുള്ള സമയത്ത് ഷാജി അനധികൃതമായി വൻ തോതിൽ സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു വിജിലൻസിന്റെ റെയ്ഡ്.

ഷാജിയ്‌ക്കെതിരായ സ്വത്ത് സമ്പാദനക്കേസിന്റെ പ്രാഥമിക അന്വേഷണത്തിൽ കുറ്റക്കാരനാണെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു. ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട 18 ആധാരങ്ങൾ വിജിലൻസ് പരിശോധിച്ചിരുന്നു.