പൈലറ്റാണെന്ന് വിശ്വസിപ്പിച്ചു വിവാഹവാഗ്ദാനം നൽകി; യുവതിയെ പീഡിപ്പിച്ചു; സ്വർണ്ണവും പണവും തട്ടിയെടുത്ത പ്രതി പിടിയിൽ

പത്തനംതിട്ട: പൈലറ്റാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചയാൾ പോലീസിന്റെ പിടിയിൽ. പത്തനംതിട്ട കോഴഞ്ചേരി സ്വദേശി ടിജു ജോർജ്ജ് തോമസാണ് ബംഗളൂരിവിൽ നിന്നും പിടിയിലായത്. ബംഗളൂരുവിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ.

കൊച്ചിയിൽ സൈക്കോളജി വിദ്യാർത്ഥിനിയായ വിവാഹമോചിതയെയാണ് വിവാഹ വാഗ്ദാനം നൽകി കബളിപ്പിച്ച് ലൈംഗികമായി പീഡിപ്പിച്ചത്. പീഡനത്തിനൊപ്പം യുവതിയുടെ 15 പവൻ സ്വർണവും ഇയാൾ തട്ടിയെടുത്തു. ഇൻഡിഗോ, എയർ ഏഷ്യ എയർലൈൻസുകളിൽ പൈലറ്റായി ജോലി ചെയ്തിരുവെന്നും എയർ കാനഡയിൽ പൈലറ്റായി ജോലിക്ക് കയറാൻ പോവുകയാണെന്നുമാണ് ഇയാൾ യുവതിയോട് പറഞ്ഞത്.

പൈലറ്റ് യൂണിഫോമിലുള്ള ഫോട്ടോകൾ കാണിച്ച് വിശ്വസിപ്പിച്ച ശേഷമാണ് കഴിഞ്ഞ ജനുവരിയിൽ കുമ്പളത്തെ റിസോർട്ടിലും, മറ്റൊരു ദിവസം കാറിനുള്ളിലും വച്ച് പീഡിപ്പിച്ചത്. സത്യാവസ്ഥ തിരിച്ചറിഞ്ഞതിനെ തുടർന്ന് യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു. പനങ്ങാട് എസ്‌ഐ യുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ഇയാൾ ബംഗളൂരുവിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ടിജു പിടിയിലാകുന്നത്.

ടിജുവിനെതിരെ മലേഷ്യയിലും ദുബായിലും സമാന കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്. വിവാഹ വെബ്‌സൈറ്റിലൂടെ വിവാഹ വാഗ്ദാനം നൽകി 17 പെൺകുട്ടികളിൽനിന്ന് പണം തട്ടിയ കേസിൽ 2013ൽ മലേഷ്യയിൽനിന്ന് കയറ്റി അയച്ചതാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

കോട്ടയം സ്വദേശിനി ഇയാൾക്കെതിരെ നൽകിയ സമാന തട്ടിപ്പു കേസിൽ ചെങ്ങന്നൂർ പൊലീസ് സ്റ്റേഷനിൽ കേസെടുക്കുകയും അറസ്റ്റ് ചെയ്ത് ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. പ്രതിയെ കൂടുതൽ തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് പറഞ്ഞു.