വഴിവിട്ട നീക്കങ്ങൾക്കൊടുവിൽ അടിതെറ്റി; കെടി ജലീൽ മന്ത്രി സ്ഥാനം രാജിവച്ചു

തിരുവനന്തപുരം: ഒടുവിൽ നിവൃത്തിയില്ലാതെ ഉന്നത വിദ്യാഭ്യാസമന്ത്രി കെടി ജലീൽ മന്ത്രി സ്ഥാനം രാജിവച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറിയത്. രാജി ഗവർണർ സ്വീകരിച്ചു. ബന്ധു നിയമന വിവാദത്തിൽ മന്ത്രി സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്ന ലോകായുക്ത ഉത്തരവിനെതിരേയുള്ള ജലീലിന്റെ ഹർജി ഹൈക്കോടതി പരിഗണിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ രാജി.

ധാർമികമായ വിഷയങ്ങൾ മുൻനിരത്തി രാജിവെയ്ക്കുന്നു എന്നാണ് ജലീൽ രാജിക്കത്തിൽ പതിവുപോലെ അവകാശപ്പെടുന്നത്. ലോകായുക്തയിൽ നിന്ന് ഇത്തരമൊരു വിധി വന്നതിനാൽ രാജിവയ്ക്കുന്നുവെന്നും രാജിക്കത്തിൽ പറയുന്നു. എന്റെ രക്തം ഊറ്റിക്കുടിക്കാൻ വെമ്പുന്നവർക്ക് തൽക്കാലം ആശ്വസിക്കാമെന്ന് രാജിക്കത്ത് കൈമാറിയതിന് പിന്നാലെ ജലീൽ ഫെയ്സ്ബുക്കിലൂടെ പ്രതികരിച്ചു

വിവാദങ്ങളിൽ മന്ത്രി കെ.ടി ജലീലിനെ ന്യായീകരിച്ചും പ്രോൽസാഹിപ്പിച്ചും നിലകൊണ്ട സി പി എം ജലീലിനെ കൈവിട്ടതോടെയാണ് ജലീലിൻ്റെ രാജി. സിപിഎമ്മിൻ്റെയും മുഖ്യമന്ത്രിയുടെയും വിശ്വസ്തനും ഇടപാടുകാരനുമായിരുന്ന തിനാൽ ആരോപണങ്ങളെല്ലാം വാചക കസർത്തിൽ നേരിടാൻ ജലീലിന് കഴിഞ്ഞു. പിൻവാതിൽ നിയമനം, അഴിമതി ആരോപണങ്ങൾ തുടങ്ങി വിവാദങ്ങളിൽ നിന്ന് വിവാദങ്ങളിലേക്ക് കുതിക്കുമ്പോഴും എല്ലാം ന്യായീകരിച്ച ജലീലിന് ഒടുവിൽ അടിതെറ്റി വീഴുകയായിരുന്നു.

ലോകായുക്ത വിധി അതേപടി തള്ളി മന്ത്രി കെ.ടി.ജലീലിനെ സംരക്ഷിക്കാനില്ലെന്ന നിലപാടിലേക്ക് സിപിഎം എത്തിയതോടെയാണ് ജലീൽ രാജിക്കാര്യത്തിൽ തീരുമാനമായത്. സർക്കാരിന്റെ കാലാവധി ഏതാണ്ടു തീർന്ന സാഹചര്യത്തിൽ രാജി പ്രയാസമുള്ള കാര്യമല്ലല്ലോ എന്നു പാർട്ടി നേതാക്കൾ അഭിപ്രായപ്പെടുന്നു. ഇതിലൂടെ മുഖം രക്ഷിക്കാനാവുമെന്ന് നേതൃത്വം വിലയിരുത്തുന്നു.