കണ്ണൂർ: പാനൂരിൽ ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകത്തിന് തൊട്ടുമുൻപ് പ്രതികൾ ഒരുമിച്ചുചേർന്ന് ഗൂഢാലോചന നടത്തിയെന്ന് സംശയിക്കുന്ന സി സി ടി വി ദൃശ്യങ്ങൾ പുറത്തായി. കൊലപാതകത്തിന് ഏതാനുംമിനിട്ടിന് മുൻപ് ചിലർ ഫോണിൽ സംസാരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. മൻസൂറിന്റെ വീട്ടിലേക്ക് പോവുന്ന വഴിയുടെ തൊട്ടു മുമ്പിലുള്ള ദൃശ്യങ്ങളാണ് ലഭിച്ചിരിക്കുന്നത്.
സി പി എം പ്രാദേശിക നേതാവ് സന്ദീപും ദൃശ്യത്തിൽ ഉണ്ടെന്നാണ് റിപ്പോർട്ട്. ഇവർ സംസാരിച്ചതിന്റെ ഫോൺ രേഖകളും പുറത്തുവന്നു. എന്നാൽ ദൃശ്യത്തിലുള്ള ആൾക്കാരെ ചോദ്യംചെയ്യാനോ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താനോ ഇതുവരെ പൊലീസ് ശ്രമിച്ചിട്ടില്ലെന്ന ആരോപണവുമായി മൻസൂറിന്റെ കുടുംബാംഗങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. പ്രതികളെ കണ്ടെത്താനുള്ള ഊർജിത ശ്രമങ്ങൾ നടത്തുന്നുവെന്നാണ് അന്വേഷണ സംഘം പറയുന്നത്.
നാലാം പ്രതി ശ്രീരാഗ്, ഏഴാം പ്രതി അശ്വന്ത്, പ്രതിപട്ടികയിൽ ഇല്ലാത്ത അനീഷ് എന്നിവരാണ് ഇപ്പോൾ പൊലീസിന്റെ കസ്റ്റഡിയിലുളളത്. ഇവരെ ചോദ്യംചെയ്യുന്നത് തുടരുകയാണ്. രണ്ടാം പ്രതിയായിരുന്ന രതീഷിന്റെ മരണത്തിലും അന്വേഷണം നടക്കുകയാണ്. രതീഷിന്റെ ആന്തരിക അവയവങ്ങൾക്ക് ക്ഷതമേറ്റിട്ടുണ്ടെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും തെളിവു നശിപ്പിക്കുന്നതിന്റെ ഭാഗമായി കൊന്ന് കെട്ടിത്തൂക്കിയതാണെന്നുമുള്ള ആരോപണവുമായി യു ഡി എഫ് കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു.
അതിനിടെ രതീഷിന്റെ മരണത്തിന് കാരണം പൊലീസ് കള്ളക്കേസിൽ കുടുക്കിയതിന്റെ മനോവിഷമമാണെന്നാണ് അമ്മ പത്മിനി പറയുന്നത്. മകന്റെ മരണത്തിനിടയാക്കിയവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പത്മിനി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിട്ടുണ്ട്.