തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഫലം കാത്തിരിക്കെ ഒരുമന്ത്രി സ്ഥാനം രാജിവച്ചൊഴിയുന്നത് സംസ്ഥാന ചരിത്രത്തിൽ ആദ്യം. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരാൻ രണ്ടാഴ്ചയിലേറെ സമയം ബാക്കി നിൽക്കെയാണ് നിവൃത്തികെട്ട് ജലീലിൻ്റെ പടിയിറക്കം.
ആരോപണങ്ങളും ആക്ഷേപങ്ങളും മലവെള്ളപാച്ചിൽ പോലെ മുമ്പൊക്കെ ഉയർന്നിട്ടും യാതൊരു കൂസലുമില്ലാതെ പിടിച്ചു നിൽക്കാൻ ജലീലിനായി. സർവ്വകലാശാലകളിലെ തലതിരിഞ്ഞ പരിഷ്ക്കാരങ്ങളും വഴിവിട്ട നിയമനങ്ങളും തെല്ലും മടിയില്ലാതെ നടപ്പാക്കാൻ എന്തു തന്ത്രവും ജലീൽ പയറ്റി.
ബന്ധുനിയമനം വിവാദമായിട്ടും മന്ത്രിസ്ഥാനത്ത് തൂങ്ങിക്കിടന്ന കെ.ടി. ജലീലിനെതിരെ സി.പി.എമ്മിൽ കടുത്ത അതൃപ്തി നിലനിന്നിരുന്നു. ഒടുവിൽ സമ്മർദം കനത്തതോടെയാണ് മന്ത്രിസഭ കാലാവധി പൂർത്തിയാക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ രാജിവെച്ചൊഴിഞ്ഞത്.
ന്യൂനപക്ഷ വികസന കോർപറേഷൻ ജനറൽ മാനേജരായി കെ ടി അദീബിനെ നിയമിച്ചത് നിയമവിരുദ്ധമാണെന്നാണ് ലോകായുക്ത വിധിച്ചത്. ബന്ധുവായ കെ ടി അദീബിനെ നിയമിക്കാൻ മന്ത്രി ജലീൽ യോഗ്യതയിൽ തിരുത്തൽ വരുത്തിയെന്നും മന്ത്രിയായി തുടരാൻ ജലീലിന് അർഹതയില്ലെന്നും ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപ ലോകായുക്ത ഹാറുൺ അൽ റഷീദ് എന്നിവരുടെ റിപ്പോർട്ടിൽ പറയുന്നു.
കെടി ജലീൽ രാജിവെച്ചതോടെ പിണറായി മന്ത്രിസഭയിൽ അഞ്ച് വർഷത്തിനിടെ രാജി വെച്ചത് അഞ്ച് മന്ത്രിമാരാണ്. വ്യവസായ മന്ത്രി ഇ.പി ജയരാജൻ, ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ, തോമസ് ചാണ്ടി, മാത്യു ടി തോമസ് എന്നിവരാണ് മുൻപ് രാജിവെച്ചത്.
ഇതിൽ ഇ.പി ജയരാജനും ബന്ധുനിയമനത്തിൻ്റെ പേരിലായിരുന്നു കസേര തെറിച്ചത്. എന്നാൽ, പിന്നീട് വിജിലൻസ് അന്വേഷണത്തിൽ ക്ലീൻ ചിറ്റ് വാങ്ങി ജയരാജൻ മന്ത്രിസ്ഥാനത്ത് തിരിച്ചെത്തി. ഒരു ചാനലിൻ്റെ വിവാദമായ ഫോൺകെണിയിൽ ‘പൂച്ചക്കുട്ടി’ വിവാദത്തിൽ അകപ്പെട്ടാണ് എൻ.സി.പി നേതാവായ എ.കെ. ശശീന്ദ്രൻ പുറത്തായത്.
പകരം വന്ന പാർട്ടിയിലെ രണ്ടാമത്തെ എം.എൽ.എയായ തോമസ് ചാണ്ടിക്ക് മന്ത്രിസ്ഥാനം ലഭിച്ചെങ്കിലും അധികകാലം സീറ്റിലിരിക്കാനായില്ല. കായ്യൽകൈയ്യേറ്റവും സ്വന്തം റിസോർട്ട് നിർമാണത്തിനുവേണ്ടി നടത്തിയ കൈയ്യേറ്റങ്ങളും കസേര തെറുപ്പിച്ചു. ഇത് നേരത്തെ രാജി വെച്ച എ.കെ ശശീന്ദ്രന് ഗുണകരമായി. ഫോൺകെണി കേസിൽ അനുരഞ്ജനത്തിൻ്റെ പാത തീർത്ത് അദ്ദേഹം വീണ്ടും മന്ത്രിയായി.
പാർട്ടിയിലെ ആഭ്യന്തരപ്രശ്നങ്ങളുടെ പേരിലായിരുന്നു മാത്യു ടി തോമസിൻ്റെ രാജി. ഇപ്പോൾ ബന്ധുനിയമന കേസിലെ ലോകായുക്ത വിധിയെ തുടർന്നാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിൻ്റെ രാജി.