കൊച്ചി: പഞ്ചനക്ഷത്ര ഹോട്ടലുകളിലെ നിശാപാര്‍ട്ടികള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളുമായി എക്‌സൈസ്. സര്‍ക്കാരിന്റെ കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചുമാത്രമെ ഡിജെ ഉള്‍പ്പെടെയുള്ള നിശാപാര്‍ട്ടികള്‍ നടത്താന്‍ പാടുള്ളുവെന്ന് എക്‌സൈസ് ഹോട്ടലുകള്‍ക്ക് നിര്‍ദേശം നല്‍കി. ആയിരങ്ങളെ പങ്കെടുപ്പിച്ചുള്ള നിശാ പാര്‍ട്ടികള്‍ക്കാണ് എക്‌സൈസിന്റെ നിയന്ത്രണം.
കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തോടൊപ്പം ഇത്തരം പരിപാടികളില്‍ കൃത്രിമ ലഹരി മരുന്നുകളും ഒഴുകുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. സര്‍ക്കാരിന്റെ കൊറോണ മാര്‍ഗനിര്‍ദേശം പാലിച്ച് പരിപാടി നടത്താം. എന്നാല്‍ ഇതിന് എക്‌സൈസിന്റെ പ്രത്യേക അനുമതി വേണം. പൊലീസിനെയും ഇക്കാര്യം അറിയിക്കണം.
മട്ടാഞ്ചേരിയിലെ ജിഞ്ചര്‍ ഹൗസില്‍ കഴിഞ്ഞ ദിവസം എണ്ണൂറോളം പേര്‍ പങ്കെടുത്ത നിശാപാര്‍ട്ടി സംഘടിപ്പിച്ചിരുന്നു. 2000 രൂപയായിരുന്നു പ്രവേശന ഫീസ്. മയക്കുമരുന്ന് കള്ളക്കടത്ത് സംഘത്തെ പിടികൂടുന്നതിന്റെ ഭാഗമായി തെരഞ്ഞെടുപ്പിന് മുമ്പ് എക്‌സൈസ് കൊച്ചിയിലെ ആഡംബര ഹോട്ടലുകളില്‍ പരിശോധന നടത്തിയിരുന്നു. എന്നാല്‍ ലഹരി ഉപയോഗം കണ്ടെത്താനായില്ല.
വിദ്യാര്‍ഥികളും ഐടി പ്രൊഫഷണലുകളും സേനാംഗങ്ങളും പതിവായി നിശാപാര്‍ട്ടികളില്‍ പങ്കെടുക്കന്ന വിവരവും ലഭിച്ചിട്ടുണ്ട്. കസ്റ്റംസിന്റെ സഹകരണത്തോടെ ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ നാല് പേരാണ് അറസ്റ്റിലായത്. ഇവര്‍ റിമാന്‍ഡിലാണ്. ഇവരെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമെന്ന് എക്‌സൈസ് വ്യക്തമാക്കി.